കാത്തിരിപ്പുകൾക്ക് ഒടുവിൽ നിവിൻ പോളിയും ഗ്രേസ് ആന്റണിയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ‘കനകം കാമിനി കലഹം’ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. മലയാളികള്‍ കാണാന്‍ ഇഷ്ടപ്പെടുന്ന നര്‍മവും അല്‍പം സസ്പെന്‍സും ഉള്‍പ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രം ഇന്ത്യയിലെ ഏറ്റവും മികച്ച ഓൺലൈൻ വിഡിയോ സ്ട്രീമിങ് പ്ലാറ്റഫോമായ ഡിസ്‌നി+ഹോട്ട്സ്റ്റാറിൽ പ്രദർശനത്തിനെത്തിയ ആദ്യ മലയാള സിനിമ കൂടിയാണ്. മാത്രമല്ല,’ഡിസ്‌നി ഡേ’യിൽ ഹോട്ട്സ്റ്റാറിൽ റിലീസാകുന്ന ആദ്യ മലയാള സിനിമയും ‘കനകം കാമിനി കലഹം’ ആണ്. നവംബർ 12ന് അർദ്ധരാത്രി 12 മണിക്കാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. മികച്ച പ്രതികരണമാണ് ആദ്യ ദിനം തന്നെ ചിത്രത്തിന് ലഭിക്കുന്നത്.
നിവിൻ പോളിയുടെ പോളി ജൂനിയർ പിക്ച്ചേഴ്സിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ജോയ് മാത്യു, വിനയ് ഫോർട്ട്, സുധീഷ്, ജഫാർ ഇടുക്കി, വിൻസി അലോഷ്യസ്, രാജേഷ് മാധവൻ, സുധീർ പറവൂർ തുടങ്ങിയ നീണ്ട താരനിര അണിനിരക്കുന്നുണ്ട്.
പൊട്ടിചിരിപ്പിച്ച് തുടക്കം മുതൽ അവസാനം വരെ ആളുകളെ പിടിച്ചിരുത്താൻ ചിത്രത്തിന് കഴിയുന്നുണ്ട് എന്നതാണ് എടുത്തുപറയേണ്ടിയിരിക്കുന്നത്. ഒരു മുഴുനീള ഹാസ്യചിത്രമായിരിക്കും കനകം കാമിനി കലഹം എന്ന ഉറപ്പ് റിലീസിന് മുൻപ് തന്നെ അണിയറപ്രവർത്തകർ നൽകിയിരുന്നു.
ഒരു വിനോദ സഞ്ചാര കേന്ദ്രത്തിൽ എത്തുന്ന ദമ്പതികളും അവർക്ക് നേരിടേണ്ടി വരുന്ന അനുഭവങ്ങളും രസകരമായി ചിത്രം പറയുന്നു. മാത്രമല്ല, സിനിമയുടെ പേരിന് കഥാഗതിയിൽ വളരെയേറെ പ്രാധാന്യമുണ്ട്. മലയാളികളായ സ്ത്രീകൾക്ക് സ്വര്ണത്തോടുള്ള പ്രിയം വളരെ പ്രസിദ്ധമാണ്. അതുമായി ബന്ധപ്പെട്ട് പ്രചാരത്തിലുള്ള ഒരു പ്രയോഗവുമാണ് കനകം കാമിനി കലഹം എന്ന പേരിന് പിന്നിൽ.
പേരുപോലെതന്നെ കനകത്തോടുള്ള താല്പര്യവും അതുമൂലം കുടുംബത്തിലുണ്ടാകുന്ന കൊച്ചു കൊച്ചു കലഹങ്ങളും നർമ്മത്തിൽ ചാലിച്ചവതരിപ്പിക്കുകയാണ് ഈ ചിത്രത്തിൽ. ചിത്രത്തിലെ ‘മഞ്ഞകാൽവരിപൂക്കൾ’ എന്ന കവിതയും ഇതിനോടകം പ്രേക്ഷകർക്കിടയിൽ ഹിറ്റാണ്. നിവിൻ പോളി ചിത്രങ്ങൾ എപ്പോഴും നൽകുന്ന ഒരു പ്രതീക്ഷ കനകം കാമിനി കലഹവും തുടക്കം മുതൽ മുന്നോട്ടു വെച്ചിരുന്നു. പ്രതീക്ഷയ്ക്ക് യാതൊരു മങ്ങളും ചിത്രമേൽപ്പിക്കുന്നില്ല എന്നത് നിസംശയം പറയാൻ സാധിക്കും.
വിനോദ് ഇല്ലമ്പള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. യാക്‌സെൻ ഗാരി പെരേരയും നേഹ നായരും ചേർന്നാണ് ചിത്രത്തിന്റെ സംഗീതം നിർവ്വഹിച്ചിരിക്കുന്നത്. മനോജ് കണ്ണോത്ത് എഡിറ്റ് ചെയ്തിരിക്കുന്ന ചിത്രത്തിന്റെ കലാസംവിധാനം അനീഷ് നാടോടിയാണ്. ഷാബു പുല്ലാപ്പള്ളി മേക്കപ്പും കൾട്ട് റെവല്യൂഷൻ വസ്ത്രാലങ്കാരവും നിർവഹിച്ചിരിക്കുന്നു.