ഇന്ത്യന്‍ സിനിമയുടെ അഭിമാനമാണ് കമല്‍ഹാസന്‍. ഉലകനായകനെന്നു ലോകം വിശേഷിപ്പിക്കുന്ന കമല്‍ഹാസനെ അതിശയിപ്പിച്ച മൂന്നു നടന്മാരെ കുറിച്ച് അദ്ദേഹം കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശം ഏറെ ശ്രദ്ധ നേടിയിരുന്നു. ബോളിവുഡില്‍ നിന്നും നവാസുദ്ദീന്‍ സിദ്ധിഖിയുടെയും മലയാളത്തില്‍ നിന്നും ഫഹദ് ഫാസിലിന്റെയും പേര് എടുത്തു പറഞ്ഞ കമല്‍ഹാസന്‍ എടുത്തു പറഞ്ഞ മൂന്നാമത്തെ നടന്‍ ശശാങ്ക് അറോറയാണ്.
ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ‘മൂത്തോനി’ലും ശ്രദ്ധേയമായൊരു കഥാപാത്രത്തെ ശശാങ്ക് അവതരിപ്പിക്കുന്നുണ്ട്. ‘മൂത്തോനി’ല്‍ നിവിന്റെ കഥാപാത്രമായ ഭായിയുടെ സുഹൃത്തിന്റെ വേഷത്തിലാണ് ശശാങ്ക് അറോറ എത്തുന്നത്. മിന്നും പ്രകടനമാണ് ശശാങ്കും ചിത്രത്തില്‍ കാഴ്ച വച്ചിരിക്കുന്നത്.
2012 ല്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഇരുപത്തിയെട്ടുകാരനായ ശശാങ്ക് പത്തു ചിത്രങ്ങളില്‍ മാത്രമാണ് ഇതിനകം അഭിനയിച്ചിരിക്കുന്നത്. ‘തിത്ലി’ എന്ന രണ്ടാമത്തെ ചിത്രമാണ് ശശാങ്കിനെ ശ്രദ്ധേയനാക്കിയത്. വിരലില്‍ എണ്ണാവുന്ന കഥാപാത്രങ്ങളിലൂടെ ഉലകനായകന്റെ ഇഷ്ടം കവരാന്‍ സാധിച്ച ശശാങ്കിന്റെ പേര് കൗതുകത്തോടെയാണ് സിനിമാപ്രേമികള്‍ കേട്ടത്.
‘ആനന്ദ വികടന്‍’ മാഗസിനു നല്‍കിയ അഭിമുഖത്തിലായിരുന്നു കമല്‍ഹാസന്‍ പ്രിയപ്പെട്ട അഭിനേതാക്കളെ കുറിച്ച് മനസ്സുതുറന്നത്. ഇന്ത്യന്‍ സിനിമയില്‍ ആരുടെയെല്ലാം പ്രകടനങ്ങളാണ് നിങ്ങളെ അതിശയിപ്പിച്ചത്? നിങ്ങളുടെ പിന്‍ഗാമി ആരാകണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? എന്നീ ചോദ്യങ്ങള്‍ക്കു ഉത്തരം നല്‍കുകയായിരുന്നു കമല്‍ഹാസന്‍.