പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ പുലര്‍ത്തുന്ന മൗനത്തിനെതിരെ സംവിധായകന്‍ കമല്‍ രംഗത്ത്. മുതിര്‍ന്ന തലമുറയുടെ നിശബ്ദത തന്നെ അത്ഭുതപ്പെടുത്തിയെന്നും വിഷയത്തിന്റെ ആഴം മനസ്സിലാക്കാതെയാണോ നിസംഗതയാണോ മൗനത്തിന് കാരണമെന്ന് തനിക്ക് അറിയില്ലായെന്നും കമല്‍ പറഞ്ഞു. ഇനിയും ഈ വിഷയത്തിന്റെ ഗൗരവം ഇവര്‍ മനസ്സിലാക്കിയില്ലെങ്കില്‍ അവര് ഏത് കാലഘട്ടത്തിലാണ് ജീവിക്കുന്നതെന്നും നിസംഗതയാണെങ്കില്‍ കാലം അവരെ ബോധ്യപ്പെടുത്തുമെന്നും കമല്‍ പ്രതികരിച്ചു.
പല വിഷയങ്ങളിലും മുതിര്‍ന്ന താരങ്ങള്‍ നിശ്ശബ്ദതയാണ് പുലര്‍ത്തിയതെന്ന് പറഞ്ഞ കമല്‍ നിശ്ശബ്ദതയാണ് ഏറ്റവും വലിയ കുറ്റമെന്നും വിമര്‍ശിച്ചു. സമൂഹത്തില്‍ ജീവിക്കുന്ന വ്യക്തി എന്ന നിലയില്‍ പണം തന്ന് മാത്രമല്ല സമൂഹം സിനിമാക്കാരെ സംരക്ഷിക്കുന്നതെന്നും വ്യക്തിത്വവും സ്വത്വവുമെല്ലാം സമൂഹത്തിന്റെ സംഭാവനയാണെന്നും തുറന്നടിച്ചു.
മലയാളത്തില്‍ നിന്നും നിരവധി യുവതാരങ്ങള്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പരസ്യമായി രംഗത്തുവന്നെങ്കിലും സൂപ്പര്‍ താരങ്ങളാരും തന്നെ നേരിട്ട് പൗരത്വ നിയമത്തെ എതിര്‍ത്ത് രംഗത്തുവന്നിരുന്നില്ല.
കമലിന്റെ പ്രതികരണം ഇങ്ങനെ:
മുതിര്‍ന്ന താരങ്ങളുടെ മൗനം എന്നെ അത്ഭുതപ്പെടുത്തി. ഈ വിഷയത്തിന്റെ ആഴം മനസ്സിലാക്കാതെയാണോ നിസംഗതയാണോ മൗനത്തിന് കാരണമെന്ന് എനിക്ക് അറിയില്ല. ഇനിയും ഈ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയിട്ടില്ലെങ്കില്‍ അവര് ഏത് കാലഘട്ടത്തിലാണ് ജീവിക്കുന്നതെന്നാണ് എനിക്ക് ചോദിക്കാനുള്ളത്. അതല്ല നിസംഗതയാണെങ്കില്‍ കാലം അവരെ ബോധ്യപ്പെടുത്തും അവര് എവിടെ നില്‍ക്കുന്നുവെന്നതില്‍. നിലപാടുകള്‍ തന്നെയാണ് പ്രശ്നം. ഞാന്‍ ഒരു വ്യക്തിയെ ക്കുറിച്ചല്ല പറയുന്നത്. പല വിഷയങ്ങളിലും നമ്മളീ നിശ്ശബ്ദത കണ്ടതാണ്. എനിക്ക് പറയാനുള്ളത് നിശ്ശബ്ദതയാണ് ഏറ്റവും വലിയ കുറ്റമെന്നാണ്. നിശ്ശബ്ദതയും നിഷ്പക്ഷതയും പല കാര്യങ്ങളിലും കുറ്റമാണെന്ന് വിശ്വസിക്കുന്നതിനാല്‍ തന്നെ ഇവരുടെ മൗനത്തില്‍ സത്യത്തില്‍ പ്രതിഷേധമുണ്ട്. പക്ഷെ അതെല്ലാം അവരുടെ ഇഷ്ടങ്ങളാണ്, നമ്മള്‍ക്ക് പ്രത്യേകിച്ച് ഒന്നും പറയാനില്ല. സമൂഹത്തില്‍ ജീവിക്കുന്ന വ്യക്തി എന്ന നിലയില്‍ ഞാന്‍ പ്രതിനിധാനം ചെയ്യുന്ന ഒരു മേഖലയുടെ പ്രതിനിധി കൂടിയാണ് എന്ന രീതിയില്‍ നമുക്ക് സമൂഹത്തോട് വലിയ ഉത്തരവാദിത്വമുണ്ട്. പണം തന്ന് മാത്രമല്ല സമൂഹം നമ്മളെ സംരക്ഷിക്കുന്നത്. സമൂഹം നമുക്ക് ഒരുപാട് സംരക്ഷണങ്ങള്‍ നല്‍കുന്നുണ്ട്. നമ്മുടെ വ്യക്തിത്വവും സ്വത്വവുമെല്ലാം ഈ സമൂഹത്തിന്റെ സംഭാവനയാണ്. നമ്മുടെ കലാപ്രവര്‍ത്തനം പോലും സമൂഹം നല്‍കിയിട്ടുളള വലിയ അംഗീകാരമാണ്. അതിനെ തിരിച്ചറിയാതെ പോവുകയാണ് എന്നാണ് തോന്നുന്നത്. അതിലിപ്പോ വിഷമിക്കുകയല്ലാതെ വേറൊന്നും ചെയ്യാനില്ല.