മലയാള സിനിമാ ലോകത്ത് തന്റേതായ അഭിനയ ശൈലിയിലൂടെ ശ്രദ്ധേയനായ താരം എന്നും മലയാളിക്ക് പ്രിയപ്പെട്ടവനാണ്.
സിനിമയിലെ മണിനാദം വിട പറഞ്ഞിട്ട് ഇന്നേക്ക് നാലാണ്ട്. പലര്‍ക്കും വിശ്വസിക്കാനാകുന്നതിലും അപ്പുറമായിരുന്നു മണിയുടെ വിയോഗ വാര്‍ത്ത. മലയാള സിനിമാ ലോകത്ത് തന്റേതായ അഭിനയ ശൈലിയിലൂടെ ശ്രദ്ധേയനായ താരം എന്നും മലയാളിക്ക് പ്രിയപ്പെട്ടവനാണ്.
മണിയുടെ ചിരി മലയാളിക്ക് എന്നും ഹരമായിരുന്നു. മിമിക്രി, അഭിനയം, സംഗീതം എന്നിങ്ങനെ മലയാള സിനിമയില്‍ മറ്റാര്‍ക്കും ചെയ്യാനാകാത്ത വിധം സര്‍വ്വതല സ്പര്‍ശിയായി പടര്‍ന്ന വേരിന്‍റെ പേരായിരുന്നു കലാഭവന്‍ മണി. ഒരു സ്കൂളിന്‍റെയും ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെയും പിന്‍ബലമില്ലാതെ ചാലക്കുടിയിലെ ഓട്ടോസ്റ്റാന്‍ഡില്‍ ദിവസക്കൂലിക്ക് ഓടിയിരുന്ന മണി മലയാള സിനിമയില്‍ പിടി മുറുക്കുമ്പോള്‍ തകര്‍ത്തെറിയപ്പെട്ടത് പല അഭിനയ സമ്പ്രദായങ്ങളും ആയിരുന്നു.
നാടന്‍പാട്ടുകളും തമാശകളും ആയി മണിയുടെ ശബ്ദം നാട്ടിടവഴികളില്‍ മുഴങ്ങി കേട്ടു. സിനിമാ പാട്ടുകളില്‍ നിന്നും സാധാരണ മലയാളിയുടെ ഇഷ്ടം നാടന്‍പാട്ടുകളിലേക്ക് മണി പറിച്ച് നട്ടു. ആടിയും പാടിയും സാധാരണക്കാരോട് സംവദിച്ചും അവരിലൊരാളായി പകര്‍ന്നാട്ടം നടത്തിയും നാട്യങ്ങളില്ലാത്ത പച്ച മനുഷ്യനായി അയാള്‍ ജീവിച്ചു. നാല് വര്‍ഷങ്ങള്‍ക്കിപ്പുറവും ആ മണിമുഴക്കം നിലച്ച് പോയെന്ന് വിശ്വസിക്കാനാവുന്നില്ല.