Entertainment

കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് സിബിഐ

കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് സിബിഐ റിപ്പോർട്ട്. കരള്‍ രോഗം മൂര്‍ഛിച്ചതോടെയാണ് മരണം സംഭവിച്ചതെന്ന് സിബിഐ എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

കലാഭവന്‍ മണിയുടെ മരണത്തിന് കാരണം കരള്‍ രോഗം മാത്രമാണന്നാണ് സി.ബി.ഐ റിപ്പോർട്ടിൽ പറയുന്നത്. മരണത്തിന് അടുത്ത ദിവസങ്ങളില്‍ അമിതമായി ബിയര്‍ കഴിച്ചതാണ് രക്തത്തില്‍ മീഥൈയില്‍ ആല്‍ക്കഹോളിന്റെ അംശം കൂടാനിടയായത്.

ആയുര്‍വേദ മരുന്നിന്റെ ഉപയോഗവും ലഹരി വസ്തുക്കളുടെ അംശം ചെറിയ തോതിലും ശരീരത്തില്‍ കാണാനിടയാക്കി. എന്നാല്‍ ഇതല്ല, കരള്‍ രോഗം മൂര്‍ച്ഛിച്ചത് തന്നെയാണ് മരണത്തിന്റെ കാരണം. 75 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടാണ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചത്. പോണ്ടിച്ചേരിയിലെ ലാബിലെ ഫോറൻസിക് പരിശോധനാ റിപ്പോര്‍ട്ടും സിബിഐ സമര്‍പ്പിച്ചിട്ടുണ്ട്. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റാണ് സംഭവം അന്വേഷിച്ചത്.