Entertainment

മഞ്ഞ് നീക്കം ചെയ്യുന്നതിനിടെയുണ്ടായ അപകടം; 30ലധികം എല്ലുകൾ ഒടിഞ്ഞെന്ന് ജെറമി റെന്നർ

മഞ്ഞ് നീക്കം ചെയ്യുന്നതിനിടെ വാഹനം ശരീരത്തിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 30ലധികം എല്ലുകൾ ഒടിഞ്ഞെന്ന് ഹോളിവുഡ് നടൻ ജെറമി റെന്നർ. 52കാരനായ താരം ആശുപത്രിയിൽ ചികിത്സയിലാണ്. താരം അപകടനില തരണം ചെയ്തെന്നും ആരോഗ്യനില മെച്ചപ്പെടുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

പുതുവത്സര ദിനത്തിലായിരുന്നു അപകടം. ശക്തമായ മഞ്ഞുവീഴ്ചയെ തുടർന്ന് പ്രദേശത്തെ 35,000ൽ പരം വീടുകളിലെ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടിരുന്നു. ഇവിടെ ജെറമിക്ക് വീടുണ്ട്. വീടിന് അടുത്ത് താമസിക്കുന്ന ഒരു ബന്ധുവിൻ്റെ കാർ മഞ്ഞിനടിയിൽ നിന്ന് രക്ഷപ്പെടുത്താൻ ശ്രമിക്കവെ മഞ്ഞ് നീക്കം ചെയ്യുന്ന വാഹനം ശരീരത്തിലേക്ക് മറിയുകയായിരുന്നു. ഉടൻ താരത്തെ ആശുപത്രിയിലെത്തിച്ചു.

മാർവൽ സിനിമാ പരമ്പരയിലെ ‘ഹോക്ക് ഐ’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനാണ് ജെറമി. ‘ഹോക്ക് ഐ’ ആണ് ജനപ്രീതി നേടിയതെങ്കിലും ഒരുപിടി മികച്ച മറ്റ് കഥാപാത്രങ്ങളെയും അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. 2010ൽ ‘ദി ഹർട്ട് ലോക്കർ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ഓസ്കർ പുരസ്കാര നാമനിർദ്ദേശം ലഭിച്ചിരുന്നു. അതേ വർഷം തന്നെ ‘ദി ടൗൺ’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഓസ്കർ പുരസ്കാര നാമനിർദ്ദേശവും ലഭിച്ചു. മിഷൻ ഇംപോസിബിൾ, അറൈവൽ തുടങ്ങിയ ചിത്രങ്ങളിലും ജെറമി അഭിനയിച്ചിട്ടുണ്ട്.