Entertainment

ജല്ലിക്കട്ടിലെ ആ ‘മാസ്’മരിക ശബ്ദങ്ങള്‍ പിറന്നതിങ്ങനെയാണ്!

ജല്ലിക്കട്ട് തിയേറ്ററുകളില്‍ കണ്ടവരാരും മറക്കാത്തതാണ് അതിലെ വന്യതക്കൊപ്പം തന്നെ ജനങ്ങളുടെ ആര്‍ത്തിരമ്പുന്ന ശബ്ദങ്ങള്‍. ചിത്രത്തിന്റെ എല്ലാവിധ ഭീകര ദൃശ്യങ്ങളും മനസ്സില്‍ പതിഞ്ഞതിന് പിന്നില്‍ വന്യമായ ആ ഭീകര ശബ്ദങ്ങള്‍ വഹിച്ച പങ്ക് ചെറുതൊന്നുമായിരുന്നില്ല. പോത്തിന് പിന്നാലെ കമ്പും വടികളുമായി പാഞ്ഞടുക്കുന്ന ജനം പുറപ്പെടുവിപ്പിച്ച അതിഭയങ്കര ശബ്ദങ്ങള്‍ പ്രേക്ഷകര്‍ക്ക് പകര്‍ന്നു നല്‍കിയത് സിനിമയുടെ മുഴുവനാനുഭവമായിരുന്നു. ആ ശബ്ദങ്ങള്‍ക്ക് പിന്നിലെ അധ്വാനം വെളിപ്പെടുത്തുന്ന സൗണ്ട് റെക്കാേര്‍ഡിങ് ചിത്രീകരണ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ സൗണ്ട് റെക്കോര്‍ഡിസ്റ്റായ രംഗനാഥ് രവി. ജല്ലിക്കട്ട് കണ്ട പ്രേക്ഷകരെല്ലാവരും ചിത്രത്തിന്റെ സംവിധാന മികവിനൊപ്പം തന്നെ പ്രകീര്‍ത്തിക്കുകയാണ് സിനിമയുടെ വിസ്മയിപ്പിക്കുന്ന സൗണ്ട് ഡിസൈനിംഗ്. ഒരു കൂട്ടം പേര്‍ ഒരുമിച്ച് കൈചേര്‍ത്തുപിടിച്ച് ഓരിയിട്ടാണ് ചിത്രത്തിലെ വലിയ വന്യമായ ജനങ്ങളുടെ ശബ്ദം സൃഷ്ടിച്ചത്. സിനിമക്ക് പിന്നിലെ കൂട്ടായ അധ്വാനത്തിന്റെ ആകെത്തുകയാണ് ഇപ്പോള്‍ തിയേറ്ററുകളില്‍ കണ്ട സിനിമയെന്ന് ഈ ദൃശ്യങ്ങള്‍ അടിവരയിടുന്നു.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ഇക്കഴിഞ്ഞ നാലാം തിയതി പുറത്തിറങ്ങിയ ചിത്രത്തിന് ഗംഭീര അഭിപ്രായമാണ് ഇതിനോടകം ലഭിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രം മലയാള സിനിമയുടെ മുന്നോട്ട് നടത്തമെന്നാണ് നിരൂപകര്‍ വിലയിരുത്തുന്നത്.