Entertainment

ജിദ്ദയിലെ പ്രവാസി സിനിമക്ക് ഫിലിം ഫെസ്റ്റിവൽ പുരസ്‌കാരം

പ്രവാസ ജീവിതത്തിന്റെയും പ്രവാസിയുടെയും വേദനകളിലൊന്നിലേക്ക് കാഴ്ചക്കാരനെ കൊണ്ടു ചെന്നെത്തിക്കുന്ന ‘തേടി’ എന്ന ഷോർട്ട് ഫിലിമിന് കോഴിക്കോട് മലബാർ ഫിലിം ഡയറക്ടേഴ്സ് ക്ലബ്ബ് ഡോക്യൂമെന്ററി, ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ പുരസ്ക്കാരം. രണ്ടാമത്തെ ബെസ്‌റ്റ്‌ സെക്കൻഡ് പ്രവാസി ഷോർട്ട് ഫിലിം അവാർഡ് ആണ് ഫെസ്റ്റിവലിൽ നേടിയത്.

പ്രവാസ ജീവിതത്തിനിടക്ക് പെട്ടെന്ന് മരണപ്പെട്ടു പോകുകയും സാങ്കേതിക നൂലാമാലകൾ കൊണ്ടും മറ്റും അവിടെത്തന്നെ മയ്യിത്ത് ഖബറടക്കുകയും ചെയ്യേണ്ടി വരുന്നത് മിക്ക പ്രവാസികളുടെയും മനസ്സിനെ എപ്പോഴും ആകുലപ്പെടുത്തുന്ന കാര്യങ്ങളിലൊന്നാണ്. ഇതാണ് മുഹ്സിൻ കാളികാവിന്റെ ‘തേടി’ ഹ്രസ്വ സിനിമയുടെ പ്രമേയം. സംവിധായകൻ മുഹ്സിൻ കാളികാവ് തന്നെയാണ് ക്യാമറ ചലിപ്പിച്ചത്.

തിരക്കഥ-തുഷാര ശിഹാബ്, സംഗീതം-അബ്ദുൾ അഹദ് അയ്യാറിൽ, എഡിറ്റിംഗ്-റിയാസ് മുണ്ടേങ്ങര. പ്രൊഡ്യൂസർ മുഹമ്മദ് ശിഹാബ് അയ്യാറിൽ എന്നിവരാണ് പ്രധാന അണിയറ പ്രവർത്തകർ. മൂന്നു ദിവസമായി നടന്ന ഫെസ്റ്റിവല്‍ സമാപിച്ചു. സമാപന സമ്മേളനത്തിൽ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാർ മുഖ്യാതിഥിയായി. തേടിക്ക് വേണ്ടി പുരസ്ക്കാരം ഇതിലെ അഭിനേതാവ് കൂടിയായ സ്റ്റാൻലി കണ്ണമ്പാറ, പ്രേം കുമാറിൽ നിന്ന് ഏറ്റുവാങ്ങി.