മലയാള സിനിമയിലെ ഹാസ്യ രാജാക്കന്മാരിൽ മുന്നിൽ നിൽക്കുന്ന ഇന്നസെന്റിന്റെ ജന്മദിനം സുനാമിയുടെ ലൊക്കേഷനിൽ ആവേശപ്പൂര്‍വം ആഘോഷിച്ചു. കേക്ക് മുറിച്ച് ആരംഭിച്ച ആഘോഷങ്ങളില്‍ സംവിധായകന്‍ ലാല്‍ ഇന്നസെന്റിന് ആശംസ നേര്‍ന്നു. 1989ല്‍ സിദ്ദീഖ്-ലാല്‍ കൂട്ടുക്കെട്ടിന്റെ ആരംഭം അടയാളപ്പെടുത്തിയ റാംജി രാവു സ്പീക്കിങിലെ ചിത്രീകരണ നിമിഷങ്ങള്‍ ഇന്നസെന്റ് സുനാമിയിലെ ആഘോഷനിമിഷത്തില്‍ ഓര്‍ത്തെടുത്തു. ഇന്നസെന്റ് മത്തായിച്ചന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് വലിയ കൈയ്യടി നേടിയ ചിത്രമായിരുന്നു റാംജി രാവു സ്പീക്കിങ്. ഇനിയും ഒരു 130 വര്‍ഷം ജീവിക്കണമെന്നാണ് ആഗ്രഹമെന്നും നിങ്ങളുടെ എല്ലാവരുടെയും പൊക കണ്ടെ പോകുവെന്നും ഹാസ്യാത്മകമായി ഇന്നസെന്റ് ആഘോഷ പ്രസംഗത്തില്‍ പറഞ്ഞു.
പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ലാലും ജീന്‍ പോള്‍ ലാലും സംവിധാനം ചെയ്യുന്ന സുനാമിയുടെ ചിത്രീകരണം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഫെബ്രുവരി 25 ന് ചിത്രീകരണം ആരംഭിച്ച സുനാമി തൃശൂർ, ഇരിഞ്ഞാലക്കുട ഭാഗങ്ങളിലായിട്ടാണ് പുരോഗമിക്കുന്നത്. വന്‍ വിജയമായ പൃഥിരാജ് ചിത്രം ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് സുനാമി. ഒരു നിഷ്കളങ്ക സത്യകഥ എന്ന ടാഗ് ലൈനോട് കൂടിയാണ് സുനാമി പ്രേക്ഷകരിലേക്കെത്തുക.
ബാലു വർഗീസ് നായക വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഇന്നസെന്റ്, മുകേഷ്, അജു വർഗീസ്, സുരേഷ് കൃഷ്ണ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഛായാഗ്രഹണം-അലക്സ് ജെ പുളിക്കൽ, എഡിറ്റിംഗ്-രതീഷ് രാജ്, സംഗീതം-യാക്സൻ ഗാരി പെരേര, നേഹ നായർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-അനൂപ് വേണുഗോപാൽ.