ഫിലിപ്സ് ആൻഡ് മങ്കിപ്പെന്നിലൂടെ ശ്രദ്ധേയനായ റോജിൻ തോമസ് ആണ് ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്
ഇന്ദ്രന്‍സിനെ നായകനാക്കി ആദ്യ കൊമേഴ്സ്യല്‍ സിനിമ പ്രഖ്യാപിച്ച് ഫ്രൈഡേ ഫിലിംസ്. ഇന്ദ്രന്‍സിന്റെ സിനിമാകരിയറിലെ ഏറ്റവും വലിയ പ്രൊജക്ടായിരിക്കും ഇതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഫിലിപ്സ് ആൻഡ് മങ്കിപ്പെന്നിലൂടെ ശ്രദ്ധേയനായ റോജിൻ തോമസ് ആണ് ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്. സംഗീതം രാഹുൽ സുബ്രഹ്മണ്യൻ. ഛായാഗ്രഹണം നീൽ ഡി കുഞ്ഞ. ഈയിടെ പ്രഖ്യാപിച്ച വാലാട്ടി എന്ന സിനിമയ്ക്കു മുമ്പേ ഓണത്തിന് ശേഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് നിര്‍മാതാവ് വിജയ് ബാബു അറിയിച്ചു.
ഇന്ദ്രൻസ് എന്ന നടന്റെ അഭിനയസാധ്യതകളെ പരമാവധി ഉപയോഗിക്കുന്ന സിനിമയിൽ മലയാളത്തിലെ പ്രശസ്ത യുവതാരമാകും ഇന്ദ്രന്‍സിന്‍റെ മകനായി എത്തുക. മറ്റു വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പുറത്തുവിടും.
സി.വി അഭിലാഷ് സംവിധാനം ചെയ്ത ‘ആളൊരുക്ക’ത്തിലൂടെ 2017ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ ഇന്ദ്രൻസ്, 2019ൽ ഡോ. ബിജു സംവിധാനം ചെയ്ത ‘വെയിൽ മരങ്ങൾ’ എന്ന സിനിമയിലൂടെ അന്താരാഷ്ട്ര നേട്ടം സ്വന്തമാക്കിയിരുന്നു. ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്ര മേളയിൽ ‘ഔട്ട് സ്റ്റാൻഡിങ് ആർട്ടിസ്റ്റിക് അച്ചീവ്മെന്റ്’ പുരസ്കാരമാണ് ഇന്ദ്രന്‍സ് പ്രധാനവേഷത്തില്‍ അഭിനയിച്ച ഈ സിനിമക്ക് ലഭിച്ചത്.