കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സംവിധായകർ സമർപ്പിച്ച ഹരജിയിൽ ചലച്ചിത്ര അക്കാദമിയോടും സർക്കാരിനോടും ഹൈക്കോടതി വിശദീകരണം തേടി. ജനപ്രിയ സിനിമകള ഉൾപ്പെടുത്തി നിര്‍മ്മിച്ച പട്ടിക റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. അക്കാദമിയിലെ ജനറല്‍ കൌണ്‍സില്‍ അംഗങ്ങളെ സെലക്ഷന്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത് ചട്ടലംഘനമാണെന്നും ഹരജിയില്‍ പറയുന്നു.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ജല്ലിക്കട്ട്’, കൃഷന്ത് ആര്‍.കെ സംവിധാനം ചെയ്ത ‘വ്യത്താക്യതിയിലുള്ള ചതുരം’ എന്നീ ചിത്രങ്ങളാണ് മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ 12 സിനിമകളാണുള്ളത്.
ചിത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ പ്രഗത്ഭരെ ഉള്‍പ്പെടുത്തി സ്വതന്ത്ര കമ്മിറ്റിയെ നിയോഗിക്കണമെന്നാണ് മാര്‍ഗരേഖ. മുന്നിലെത്തിയ 94 ചിത്രങ്ങള്‍ സെലക്ഷന്‍ കമ്മിറ്റി 12 ദിവസം കൊണ്ട് കണ്ട് തീര്‍ത്തു എന്ന് പറഞ്ഞത് അസാധ്യമാണെന്ന് പരാതിയില്‍ പറയുന്നു. പല ചിത്രങ്ങളുടെയും വിമിയോ ലിങ്കുകളാണ് സംവിധായകര്‍ അയച്ചു കൊടുത്തിരുന്നത്. അതിലെ പലതും തുറന്നു നോക്കിയിട്ട് പോലുമില്ലെന്ന് സംവിധായകര്‍ തന്നെ തെളിവുകളോടെ ആരോപിക്കുന്നു. സംവിധായകരായ വേണു നായര്‍, ഡോ. സുനില്‍ കുമാര്‍, സന്തോഷ് ബാബുസേനന്‍, സതീഷ് ബാബുസേനന്‍, പ്രതാപ് ജോസഫ്, സാജന്‍ റഹ്‍മാന്‍, സിദ്ദീഖ് പറവൂര്‍, വിനോദ് കൃഷ്ണന്‍ എന്നിവരാണ് ഹരജി കോടതിയില്‍ സമര്‍പ്പിച്ചത്.