24ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാളത്തിന്‍റെ അഭിമാനമായി ജെല്ലിക്കെട്ടും പനിയും വെയില്‍മരങ്ങളും. ലിജോ ജോസ് പെല്ലിശേരിയുടെ ജെല്ലിക്കെട്ടാണ് പ്രേക്ഷക പ്രീതി നേടിയ ചിത്രം. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്കാരമാണ് വെയില്‍ മരങ്ങള്‍ നേടിയത്.
വെയില്‍ മരങ്ങള്‍, ജെല്ലിക്കെട്ട്, പനി, കുമ്പളങ്ങി നൈറ്റ്സ് എന്നിവയാണ് ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാളത്തിന്‍റെ നേട്ടങ്ങള്‍. മത്സരവിഭാഗത്തില്‍ മലയാളത്തിന്‍റെ പ്രതീക്ഷയായിരുന്നു ജെല്ലിക്കെട്ട്. രജത ചകോര പുരസ്കാരത്തില്‍ പ്രത്യേക പരാമര്‍ശം നേടിയ ലിജോ ജോസ് പെല്ലിശേരിക്ക് ഇരട്ടി മധുരമായാണ് പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിനുള്ള പ്രഖ്യാപനം.
മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം സന്തോഷ് മണ്ടൂരിന്‍റെ പനിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. തലൈക്കുത്തല്‍ എന്ന ക്രൂരമായ ആചാരത്തെ കുറിച്ചാണ് പനി പറയുന്നത്. വിവിധ രാജ്യാന്തര മേളകളില്‍ ശ്രദ്ധ നേടിയ ഇന്ദ്രന്‍സ് നായകനായ ഡോ.ബിജുവിന്‍റെ വെയില്‍മരങ്ങള്‍ രാജ്യാന്തര ചലച്ചിത്രമേളയിലും നേട്ടമുണ്ടാക്കി. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്‌പാക് പുരസ്കാരമാണ് ചിത്രം കരസ്ഥമാക്കിയത്. നെറ്റ്പാക് പ്രത്യേക ജൂറി പരാമര്‍ശത്തിന് മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ് അര്‍ഹമായി.