ഗോവ രാജ്യാന്തര ചലച്ചിത്രമേളക്ക് ഇന്ന് തുടക്കമാകും. ബോളിവുഡ് താരം അമിതാഭ് ബച്ചന് മേള ഉദ്ഘാടനം ചെയ്യും. ഐ.എഫ്എഫ്ഐയുടെ സുവര്‍ണ ജൂബിലിയാണ് ഇത്തവണ നടക്കുന്നത്. തമിഴ് നടന് രജനീ കാന്തിനെ മേളയില്‍ ആദരിക്കും.ഇറ്റാലിയന്‍ ചിത്രം ഡെസ്പൈറ്റ് ദ ഡോഗാണ് ഉദ്ഘാടന ചിത്രം.
സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് വലിയ ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വൈകീട്ട് പനാജിയിലെ ശ്യാമ പ്രസാദ് മുഖര്‍ജി സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അമിതാഭ് ബച്ചന് മേളക്ക് തിരിതെളിക്കും. ബോളിവുഡ് സംവിധായകന് കരണ്‍ ജോഹര്‍ അവതാരകനാകും. 76 രാജ്യങ്ങളില്‍ നിന്നായി 200ലധികം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. ഇന്ത്യന്‍ പനോരമയില്‍ 41 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.
ഫീച്ചര്‍ വിഭാഗത്തില്‍ 26 ചിത്രങ്ങളും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 15 ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. അഭിഷേക് ഷാ സംവിധാനം ചെയ്ത ഗുജറാത്തി ചിത്രം ഹെല്ലറോ ആണ് ഫീച്ചര്‍ വിഭാഗത്തില്‍ ഉദ്ഘാടന ചിത്രം. പ്രിയദര്‍ശനാണ് ഫീച്ചര്‍ വിഭാഗം ജൂറി ചെയര്മാന്. രാജേന്ദ്ര ജംഗ്ലിയാണ് നോണ്‍ ഫീച്ചര്‍ വിഭാഗം ജൂറി ചെയര്മാന് .മലയാളത്തില്‍ നിന്ന് മനു അശോകന്റെ ഉയരെ, ടി.കെ രാജീവ് കുമാറിന്റെ കോളാമ്പി, എന്നീ ചിത്രങ്ങള്‍ ഫീച്ചര്‍ വിഭാഗത്തില്‍ ഇടം നേടിയിട്ടുണ്ട്.
50 വനിത സംവിധായകരുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നു എന്നതാണ് ഐ.എഫ്എഫ്ഐയുടെ മുഖ്യ ആകര്‍ഷണം. ഹികാരി സംവിധാനം ചെയ്ത ജപ്പാനിസ് ചിത്രം 37 സെക്കന്റ്സ്,കാന്‍ ചലച്ചിത്ര മേളയില്‍ ക്വീര്‍ പാം പുരസ്കാരം നേടിയ ഫ്രഞ്ച് സംവിധായിക സെലിന് സിയാമയുടെ പോര്‍ട്ടറേറ്റ് ഓഫ് എ ലേഡി ഓണ്‍ ഫയര്‍ തുടങ്ങിയ ചിത്രങ്ങളും ഇതില്‍പ്പെടും. നവംബര്‍ 28ന് മേളക്ക് കൊടിയിറങ്ങും .