നടീനടന്മാര്‍ ഓരോരോ കഥാപാത്രങ്ങളാകുന്നത് വ്യത്യസ്ത രീതികളിലാണ്. ഓരോ കഥാപാത്രത്തിനും വ്യത്യസ്തമായ പെര്‍ഫ്യൂമുകള്‍ ഉപയോഗിക്കുക എന്നതാണ് നടി ആൻഡ്രിയ ജെര്‍മിയയുടെ ശൈലി. അങ്ങനെചെയ്യുന്നത് കഥാപാത്രമായി മാറാൻ തന്നെ സഹായിക്കാറുണ്ടെന്നും ആൻഡ്രിയ പറയുന്നു.
അന്നയും റസൂലും എന്ന ചിത്രം മുതലാണ് താൻ ഇങ്ങനെ ചെയ്യാൻ തുടങ്ങിയത്. നിക്കോൾ കിഡ്മാനെ അഭിനയം പഠിപ്പിച്ച ഗുരു സുഗന്ധം കൊണ്ട് ഒരു കഥാപാത്രത്തെ തിരിച്ചറിയണം എന്ന് അവരോട് പറഞ്ഞതായി ഒരു പുസ്തകത്തിൽ വായിച്ചു. ഇനി അതൊന്നുമില്ലെങ്കിലും രസമാണ്. പെർഫ്യൂമുകളുടെ മനോഹരമായ ഒരു ശേഖരം ലഭിക്കും- ആൻഡ്രിയ പറഞ്ഞു.
വടചെന്നൈയിലെ ചന്ദ്രയായപ്പോള്‍ ആ കഥാപാത്രത്തിന് ചേര്‍ന്ന പെർഫ്യൂം കണ്ടെത്താൻ ആദ്യമൊന്നു ബുദ്ധിമുട്ടി. പിന്നെ ഇണങ്ങിയ ഒന്നു കണ്ടെത്തി. ഷൂട്ടിങിന് ശേഷം ആ പെർഫ്യൂമിനെ കുറിച്ച് ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ ഞെട്ടിക്കുന്ന ഒരു കാര്യം കണ്ടെത്തി. ‘മധുരമുള്ള വിഷം’ എന്നാണ് അതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. അതാണ് ചന്ദ്രയ്ക്ക് ഏറ്റവും അനുയോജ്യമായ വിശേഷണമെന്നും ആന്‍ഡ്രിയ പറഞ്ഞു.
കഥാപാത്രമായി മാറുമ്പോള്‍ ഉപയോഗിച്ച പെർഫ്യൂം പിന്നീട് താന്‍ ഉപയോഗിക്കാറില്ല. എന്നാൽ ചന്ദ്രയായപ്പോള്‍ ഉപയോഗിച്ച പെര്‍ഫ്യൂം പിന്നെയും ഉപയോഗിച്ചു- ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് ആന്‍ഡ്രിയ പെര്‍ഫ്യൂം വിശേഷം പങ്കുവെച്ചത്.