Entertainment

ഞാനിപ്പോഴും ഡെപ്പിനെ സ്നേഹിക്കുന്നു: ആംബർ ഹേഡ്

താനിപ്പോഴും ജോണി ഡെപ്പിനെ സ്നേഹിക്കുന്നു എന്ന് മുൻ ഭാര്യ ആംബർ ഹേഡ്. ഹൃദയം കൊണ്ടാണ് താൻ അദ്ദേഹത്തെ സ്നേഹിച്ചത്. അതുകൊണ്ട് അദ്ദേഹത്തോട് തനിക്ക് മോശം വികാരങ്ങളില്ല. അത് മറ്റുള്ളവർക്ക് മനസ്സിലാവണമെന്നില്ലെന്നും ഹേഡ് പറഞ്ഞു. താൻ മറ്റുള്ളവരാൽ ഇഷ്ടപ്പെടുന്ന ഒരു മികച്ച ഇരയല്ലെന്നും അവർ കൂട്ടിച്ചേർത്തു. ഹേഡിനെതിരായ മാനനഷ്ടക്കേസിൽ ഡെപ്പ് വിജയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഹേഡിൻ്റെ പരാമർശം. ഒരു അമേരിക്കൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഹേഡ് മനസുതുറന്നത്.

കേസ് പരാജയപ്പെട്ട ആംബർ ഹേഡ് ജോണി ഡെപ്പിന് നഷ്ടപരിഹാരമായി 15 മില്യൺ ഡോളർ നൽകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ആംബറിന് ജോണി ഡെപ്പ് 2 മില്ല്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചു. ഈ വ്യത്യാസവും മറ്റ് ചില കാര്യങ്ങളും ഉൾപ്പെടുത്തി ഹേഡ് നൽകേണ്ടത് 10.35 മില്ല്യൺ ഡോളറായിരുന്നു. എന്നാൽ, ഒരു കാരണവശാലും ഹേഡിന് ഈ തുക നൽകാനാവില്ലെന്ന് അവരുടെ അഭിഭാഷക അറിയിച്ചു. വിധി തന്നെ തകർത്തുവെന്ന് ആംബർ ഹേഡും പ്രതികരിച്ചു.

ഡിസിയുടെ ബിഗ് ബജറ്റ് ചിത്രമായ അക്വാമാൻ ആൻഡ് ദ് ലോസ്റ്റ് കിങ്ഡത്തിൽ നിന്നും നടിയെ പൂർണമായും ഒഴിവാക്കിയെന്നതാണ് പുതിയ വാർത്ത. നേരത്തെ ഷൂട്ട് ചെയ്ത് വച്ച രംഗങ്ങൾ നീക്കം ചെയ്യുക മാത്രമല്ല ആംബറിനെ തന്നെ പൂർണമായും നീക്കം ചെയ്തതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. സിനിമയിൽ ആംബർ ചെയ്ത കഥാപാത്രത്തിനു വേണ്ടി മറ്റൊരു നടിയെ നിർമാതാക്കൾ സമീപിച്ചെന്നും വാർത്തയിൽ പറയുന്നു. എന്നാൽ ഇതേ കുറിച്ച് ഔദ്യോഗിക സ്ഥിരീകണം വന്നിട്ടില്ല.

2015ലാണ് ആംബറും ജോണിയും വിവാഹിതരായത്. രണ്ട് വർഷങ്ങൾക്കു ശേഷം ഇവർ വിവാഹമോചിതരായി. 2018ൽ താൻ ഗാർഹിക പീഡനത്തിന് ഇരയായെന്ന് ആംബർ വെളിപ്പെടുത്തി. വാഷിം​ഗ്ടൺ പോസ്റ്റിന്റെ ഓപ്-എഡ് പേജിലായിരുന്നു ആംബർ ഹേഡിന്റെ ലേഖനം. സെക്ഷ്വൽ വയലൻസ് എന്ന പേരിലെഴുതിയ ലേഖനത്തിൽ ​ഗാർഹിക പീഡനത്തിന്റെ പ്രതിനിധിയായാണ് ഹേഡ് സ്വയം ചിത്രീകരിച്ചത്. ലേഖനത്തിൽ ഡെപ്പിന്റെ പേര് പരാമർശിക്കുന്നില്ലെങ്കിൽ കൂടി താനാണ് ലേഖനത്തിൽ പ്രതി സ്ഥാനത്തെന്ന് ചൂണ്ടിക്കാട്ടി 50 മില്യൺ ഡോളറിന്റെ മാനനഷ്ടക്കേസുമായി ജോണി ഡെപ്പ് കോടതിയെ സമീപിക്കുകയായിരുന്നു.

എന്നാൽ ആംബർ ഹേഡിന്റെ വാദങ്ങൾ കളവാണെന്ന് ഡെയ്ലി മെയിൽ മാധ്യമത്തോട് പ്രതികരിച്ച ഡെപ്പിന്റെ അഭിഭാഷകന്റെ പരാമർശം വന്നതോടെ ആംബർ ഹേഡും മാനനഷ്ടക്കേസ് ഫയൽ ചെയ്തു. 100 മില്യൺ ഡോളറിന്റെ മാനനഷ്ടക്കേസാണ് ജോണി ഡെപ്പിനെതിരെ നൽകിയത്. തുടർന്നായിരുന്നു ആഴ്ചകൾ നീണ്ട വാദം..