പുരുഷാധിപത്യ സമൂഹം നിലനില്‍ക്കുന്നിടത്ത് സ്ത്രീകളുടെ ഇടം സംബന്ധിച്ച് വിമര്‍ശനം ഉന്നയിച്ച് നടി സായ് പല്ലവി. ‘ഒരു സ്ത്രീ എപ്പോഴും പുരുഷന്‍റെ മകളോ കാമുകിയോ ഭാര്യയോ ആയിരിക്കണം, ഈ രീതി എന്നെ വല്ലാതെ അസ്വസ്ഥയാക്കുന്നു. സ്ത്രീക്ക് അവളായി നിലനില്‍ക്കാന്‍ ഈ സമൂഹത്തില്‍ സാധിക്കില്ലേ? എല്ലാ സ്ത്രീകള്‍ക്കും അവരുടേതായ സ്വത്വമുണ്ട്.’ സായ് പല്ലവി പറഞ്ഞു.
‘ദ ന്യൂസ് മിനുറ്റിന്’ നല്‍കിയ അഭിമുഖത്തിലാണ് താരം തുറന്നടിച്ചത്. നെറ്റ്ഫ്ലിക്സിന് വേണ്ടി സുധ കൊങ്കാര, വിഗ്നേഷ് ശിവന്‍, ഗൗതം മേനോന്‍, വെട്രി മാരന്‍ എന്നിവര്‍ സംവിധാനം ചെയ്ത പാവ കഥൈകള്‍ മികച്ച പ്രതികരണം നേടി മുന്നേറുമ്പോഴാണ് സായ് പല്ലവിയുടെ പ്രതികരണം. ചിത്രത്തില്‍ മികച്ച പ്രകടനമാണ് സായ് പല്ലവി നടത്തിയിരിക്കുന്നത്. നാല് ഭാഗമുള്ള ആന്തോളജി ചിത്രമായ പാവൈ കഥകളിലെ ഊര്‍ ഇരവിലാണ് സായ് പല്ലവി കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
ആദിത്യ ഭാസ്‌കര്‍, ഭവാനി, ഹരി, പ്രകാശ് രാജ്, സായ് പല്ലവി, ശാന്തനു ഭാഗ്യരാജ്, കാളിദാസ് ജയറാം തുടങ്ങി നിരവധി പേരാണ് ആന്തോളജി ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. ആര്‍.എസ്.വി.പി മൂവീസും ഫ്ലൈയിംഗ് യൂണികോണ്‍ എന്‍റര്‍ടൈന്‍മെന്‍റ്സും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.