തമിഴ്നാട്ടിലെ മധുരയ്ക്കടുത്തുള്ള ഒരു ഗ്രാമത്തില്‍, ഇരു കാലുകളുമില്ലാതെ ദുരിതങ്ങളില്‍ കഴിഞ്ഞിരുന്ന ഹരീഷ് എന്ന ചെറുപ്പക്കാരന്റെ കഥ ഏറെ നാളുകള്‍ക്ക് മുമ്പ് മലയാളി കേട്ടിരുന്നു. കെ.ആര് സുനില്‍ എന്ന ഫോട്ടോഗ്രാഫര്‍ വഴിയാണ് ഹരീഷിന്റെ ദുരിത കഥ മലയാളി കേട്ടത്. എട്ടുവർഷം മുൻപ് കേരളം കാണാനും ഫുട്ബോൾ കളിക്കാനാവശ്യമായ ബൂട്ട്, ജഴ്സി തുടങ്ങിയവ വാങ്ങാനുമായി ലോറി ഡ്രൈവറായ പിതാവിനോടൊപ്പം കേരളത്തിലേക്കു വരവെ കുതിരാനില്‍ വെച്ച് ലോറി മറിഞ്ഞ് ഹരീഷിന്റെ ഇരു കാലുകളും നഷ്ടമാവുകയുമുണ്ടായി. ചികിത്സക്കുശേഷം തിരികേപ്പോയ ഹരീഷിനെ നാളുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ കഴിഞ്ഞവർഷം ഫോട്ടോഗ്രാഫറായ കെ.ആര് സുനില്‍ മധുരക്കടുത്തുവെച്ച് കണ്ടെത്തുന്നത് ഹൃദയസ്പര്‍ശിയായി തന്നെ വീഡിയോ രൂപത്തില്‍ പുറത്ത് വന്നിരുന്നു. തുടര്‍ന്നും നടക്കാനും പഴയത് പോലെ ഫുട്ബോള്‍ കളിക്കാനും ഹരീഷിന് വേണ്ട വെപ്പുകാലുകള്‍ക്ക് സഹായം നല്‍കിയിരുന്നത് സിനിമാപ്രവര്‍ത്തകരായ ആഷിക് അബു, ഷൈജു ഖാലിദ്, കെ.എം.കമൽ തുടങ്ങിയവരായിരുന്നു. സുഡാനി ഫ്രം നൈജീരിയക്ക് ലഭിച്ച അവാർഡു തുകകൾ മുഴുവനും ഹരീഷിന്റെ വെപ്പുകാലുകൾക്ക് വേണ്ടി ഇവര്‍ സംഭാവന ചെയ്തു.
