Entertainment

എനിക്കൊരു മോനുണ്ടായാല്‍ കണ്ണനെ പോലെയായിരിക്കണമെന്ന് കൊതിച്ചു, പക്ഷെ വളര്‍ന്നപ്പോള്‍…’; കാളിദാസിനെ ചേര്‍ത്തുപിടിച്ച് ജോജുവിന്റെ തമാശ

യുവതാരം കാളിദാസ് ജയറാം നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹാപ്പി സർദാർ. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ
ദിവസം നടന്നു. ജോജു ജോര്‍ജ്ജ് അടക്കമുള്ള താരങ്ങളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചടങ്ങില്‍ വച്ച് ജോജു കാളിദാസിനെ ചേര്‍ത്ത് പിടിച്ചു പറഞ്ഞ തമാശ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

കാളിദാസിനെ കെട്ടിപ്പിടിച്ചുകൊണ്ടാണ് ജോജു പറഞ്ഞുതുടങ്ങിയത്, “കൊച്ചു കൊച്ചു സന്തോഷങ്ങൾ കണ്ടപ്പോൾ എനിക്കൊരു മോനുണ്ടായാല്‍ കണ്ണനെ പോലെയായിരിക്കണമെന്ന് കൊതിച്ചു പക്ഷെ വളർന്നപ്പോൾ ഇവനെപ്പോലെ ഒരു മകനുണ്ടാകരുതെന്ന് ആഗ്രഹിച്ചു”, എന്നായിരുന്നു തമാശ. പിന്നീട്, ‘ഞാൻ നേരത്തേ ചുമ്മാ പറഞ്ഞതാ, എന്റെ മോൻ വലുതാകുമ്പോൾ കണ്ണന്റെ പോലത്തെ ഒരു മോനാകണം എന്നാണ് എന്റെ ആഗ്രഹം’ എന്നും ജോജു പറഞ്ഞു.

കാളിദാസിനെ കൊണ്ട് തമിഴ് നടൻ വിജയിയുടെ ശബ്ദം അനുകരിപ്പിക്കാനും ജോജു മറന്നില്ല. വിജയ് യുടെ ശബ്ദത്തിൽ പൊറിഞ്ചു മറിയം ജോസ് എന്ന തന്റെ ചിത്രം കാണാൻ ആരാധകരോട് പറയണമെന്നായിരുന്നു ജോജു ആവശ്യപ്പെട്ടത്.

ദമ്പതിമാരായ സദീപ്-ഗീതിക എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഹാപ്പി സിംഗ് എന്ന കഥാപാത്രത്തെയാണ് കാളിദാസ് അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം ജാവേദ് ജഫ്രിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സിദ്ധിഖ്, ശാന്തികൃഷ്ണ, ശ്രീനാഥ് ഭാസി, സുരാജ് വെഞ്ഞാറമ്മൂട്, ബാലു വര്‍ഗീസ് എന്നിവരാണ് മറ്റ് താരങ്ങള്‍.