പ്രഭാസിന്റെ ബ്രഹ്മാണ്ഡ ആക്ഷന്‍ ചിത്രം സാഹോയ്ക്കെതിരെ കോപ്പിയടി ആരോപണവുമായി ഫ്രഞ്ച് സംവിധായകന്‍ ജെറോം സാലി. 2008 ല്‍ പുറത്തിറങ്ങിയ തന്റെ ലാര്‍ഗോ വിഞ്ച് എന്ന ചിത്രത്തിന്റെ ഒരു മോശം കോപ്പിയടി മാത്രമാണ് സാഹോയെന്ന് ജെറോം ആരോപിക്കുന്നു. തന്റെ ചിത്രം മോഷ്ടിക്കുകയാണെങ്കില്‍ അത് വൃത്തിക്ക് ചെയ്തുകൂടേയെന്നും ഫ്രഞ്ച് സംവിധായകന്‍ ട്വിറ്ററില്‍ ചോദിക്കുന്നു.
മുമ്പ് പവന്‍ കല്യാണ്‍ അഭിനയിച്ച അജ്ഞാതവാസി എന്ന ചിത്രത്തിനെതിരെയും ജെറോം കോപ്പിയടി ആരോപണം ഉന്നയിച്ചിരുന്നു. 350 കോടി രൂപ മുതല്‍മുടക്കില്‍ അണിയിച്ചൊരുക്കിയ സാഹോ, 2019 ല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു. തനിക്ക് ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് ഒരു ശോഭനമായ ഭാവിയുണ്ടെന്നാണ് കരുതുന്നതെന്നും ജെറോം പരിഹസിച്ചു. തനിക്ക് തെലുങ്ക് സംവിധായകരോട് ഒന്നേ പറയാനുള്ളു, നിങ്ങള്‍ എന്റെ ചിത്രം മോഷ്ടിക്കുന്നുണ്ടെങ്കില്‍ അത് വൃത്തിക്കെങ്കിലും ചെയ്യണം” ജെറോം പറഞ്ഞു.
സുജീത് സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രഭാസ്, ശ്രദ്ധ കപൂര്‍, ലാല്‍, നിതിന്‍ നീല്‍ മുകേഷ്, അരുണ്‍ വിജയ് തുടങ്ങി വമ്പന്‍ താരനിരയാണ് ഉള്ളത്. പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ജിബ്രാനാണ്. മൂന്ന് ഭാഷകളില്‍ എത്തിയ ബിഗ് ബജറ്റ് ചിത്രമാണ് സാഹോ. റിലീസ് ചെയ്ത് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ തന്നെ ചിത്രം 200 കോടി ക്ലബില്‍ ഇടം പിടിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ചിത്രത്തിലെ രംഗങ്ങള്‍. റണ്‍ രാജ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സുജീത്. ഹോളിവുഡ് ആക്ഷന്‍ കോര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്സ് ആണ് ആക്ഷൻ രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്‍തിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്കായി മാത്രം 90 കോടി രൂപയാണ് ബജറ്റ്.