സുശാന്തിന്റെ പിതാവ് കെ കെ സിങ് നൽകിയ പരാതിയിലാണ് പെൺസുഹൃത്ത് റിയ ചക്രവർത്തിക്കെതിരെ ബിഹാര്‍ പൊലീസ് കേസെടുത്തത്.
സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തെ തുടർന്നുള്ള സംഭവ വികാസങ്ങളില്‍ പുതിയ വഴിത്തിരിവ്. സുശാന്തിന്റെ പിതാവ് കെ കെ സിങ് നൽകിയ പരാതിയില്‍ പെൺസുഹൃത്ത് റിയ ചക്രവർത്തിക്കെതിരെ ബിഹാര്‍ പൊലീസ് കേസെടുത്തു. പറ്റ്ന പൊലീസിലെ നാലംഗ സംഘം അന്വേഷണങ്ങൾക്കായി മുംബൈയിലേക്ക് തിരിച്ചു.
റിയ സുശാന്തിനെ സാമ്പത്തികമായും മാനസികമായും ചൂഷണം ചെയ്തെന്നാണ് പിതാവിന്റെ പരാതി. ആത്മഹത്യാ പ്രേരണ, വഞ്ചന, ഭീഷണിപ്പെടുത്തി പണം തട്ടല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. റിയയുടെ മാതാപാതിക്കൾക്കും സഹോദരനുമെതിരെയും കേസുണ്ട്. പറ്റ്നയിലെ രാജീവ് നഗറിലാണ് സുശാന്തിന്റെ പിതാവ് കെ കെ സിങ് താമസിക്കുന്നത്. അതുകൊണ്ടാണ് രാജീവ് നഗർ സ്റ്റേഷനിൽ പരാതി നൽകിയത്.
മെയ് 2019 വരെ തന്റെ മകൻ പ്രൊഫഷനിൽ നല്ല നിലയിലായിരുന്നു. അപ്പോഴാണ് റിയയും ബന്ധുക്കളും പരിചയം ഭാവിച്ച് അടുത്ത് കൂടിയത്. സുശാന്തിന്റെ പണത്തിലായിരുന്നു അവരുടെ കണ്ണ്. ഒപ്പം ബോളിവുഡിൽ സുശാന്ത് വഴി ബന്ധങ്ങളുണ്ടാക്കാനും ശ്രമിച്ചു. റിയയും ബന്ധുക്കളും സുശാന്തിനെതിരെ ഗൂഢാലോചന നടത്തിയെന്നും പിതാവ് ആരോപിക്കുന്നു.
സുശാന്തിന്‍റെ ആത്മഹത്യയ്ക്ക് കാരണം ബോളിവുഡിലെ സ്വജനപക്ഷപാതവും കിടമല്‍സരവുമാണെന്ന പരാതിയിൽ മുംബൈ പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പുതിയ കേസ്. നടന്‍റെ മരണത്തിന് പിന്നാലെ റിയ ചക്രവര്‍ത്തിയെ മുംബൈ പൊലീസ് വിശദമായി ചോദ്യം ചെയ്‍തിരുന്നു. സുശാന്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് റിയ പിന്നീട് ആവശ്യപ്പെടുകയുണ്ടായി. ആഭ്യന്തരമന്ത്രി അമിത് ഷായെ ടാഗ് ചെയ്തുകൊണ്ടാണ് സിബിഐ അന്വേഷണം വേണമെന്ന് റിയ ട്വീറ്റിലൂടെ ആവശ്യപ്പെട്ടത്.
ജൂൺ 14നാണ് സുശാന്ത് സിങിനെ മുംബൈയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കൊലപാതകമാണെന്ന് കുടുംബത്തിലെ ചിലർ ആരോപിച്ചു. എന്നാൽ ആത്മഹത്യയാണെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. പിന്നാലെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളെ സംബന്ധിച്ചായി ചർച്ച. ബോളിവുഡിലെ കിടമത്സരവും സ്വജനപക്ഷപാതവും കാരണം സിനിമകൾ മുടങ്ങിയതോടെ സുശാന്ത് മാനസികമായി തകർന്നുവെന്നും വിഷാദത്തിന് അദ്ദേഹം ചികിത്സ തേടിയിരുന്നുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. സഞ്ജയ് ലീല ബൻസാലി, ആദിത്യ ചോപ്ര, ശേഖർ കപൂർ തുടങ്ങി നിരവധി പേരുടെ മൊഴി ഇതിനകം രേഖപ്പെടുത്തിക്കഴിഞ്ഞു.