Entertainment

19-ാം നൂറ്റാണ്ടിനെ തിരസ്‌കരിച്ചതിനെതിരായ നേമം പുഷ്പരാജിന്റെ ശബ്ദരേഖ പുറത്തുവിട്ട് വിനയന്‍; രഞ്ജിത്തിനെതിരെ ഗുരുതര ആരോപണം


ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി സംവിധായകന്‍ വിനയന്‍. ചലച്ചിത്ര പുരസ്‌കാര നിര്‍ണയ സമിതി അംഗം നേമം പുഷ്പ രാജ് രഞ്ജിത്തിനെതിരെ സംസാരിക്കുന്ന ശബ്ദസന്ദേശം ഫേസ് ബുക്കിലൂടെ പുറത്തുവിട്ടു. പത്തൊന്‍പതാം നൂറ്റാണ്ടിനെ തിരസ്‌ക്കരിച്ചത് വിഷമം ഉണ്ടാക്കിയെന്ന് നേമം പുഷ്പരാജ് പറയുന്നത് ശബ്ദസന്ദേശത്തില്‍ വ്യക്തമായി കേള്‍ക്കാം.

ഭൂരിപക്ഷത്തോട് ഒപ്പം നില്‍ക്കുകയാണ് ജനാധിപത്യത്തിന്റെ രീതിയെന്നും സിനിമയെ ഒഴിവാക്കാന്‍ ഭൂരിപക്ഷം മുന്‍കൂട്ടി നിശ്ചയിക്കുകയായിരുന്നു എന്നാണ് നേമം പുഷ്പരാജിന്റെ ശബ്ദസന്ദേശത്തിലുള്ളത്. ചിത്രത്തിന്റെ കലാസംവിധാനം മോശമാണെന്ന് ഭൂരിപക്ഷം പറഞ്ഞപ്പോള്‍ തനിക്ക് അത് അംഗീകരിക്കാന്‍ സാധിച്ചിരുന്നില്ലെന്നും ശബ്ദസന്ദേശത്തിലുണ്ട്. പിന്നീട് ഭൂരിപക്ഷത്തിനൊപ്പം നില്‍ക്കേണ്ടി വന്നതാണെന്നും നേമം പുഷ്പരാജ് ശബ്ദസന്ദേശത്തില്‍ പറയുന്നു.

സംഭവം വിവാദമായതിന് പിന്നാലെ സംവിധായകന്‍ വിനയന്‍ പ്രതികരിച്ചു. ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന ശബ്ദ സന്ദേശം പങ്കുവയ്ക്കുക മാത്രമാണ് ചെയ്തതെന്ന് വിനയന്‍ പറഞ്ഞു. ചലചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രഞ്ജിത്ത് രാജി വെച്ചില്ലെങ്കില്‍ തന്റെ കൈവശമുള്ള തെളിവുകള്‍ പുറത്തുവിടുമെന്നും വിനയന്‍ ട്വന്റിഫോറിനോട് പറഞ്ഞു. ചലച്ചിത്ര അക്കാദമി അവാര്‍ഡ് നിര്‍ണയത്തില്‍ ഇടപെടുന്നത് വലിയ തെറ്റാണെന്നാണ് വിശ്വാസം. ഈ ഇടപെടലുകള്‍ക്കെതിരെയാണ് താന്‍ ശബ്ദമുയര്‍ത്തുന്നതെന്നും അല്ലാതെ തനിക്ക് അവാര്‍ഡ് കിട്ടണമെന്നത് കൊണ്ടല്ല എന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.