Entertainment

വിവേചനമാണെങ്കിൽ ഭക്ഷണത്തിലും അത് കാണണ്ടേ?; സ്ത്രീയ്ക്കും പുരുഷനും നൽകുന്നത് ഒരേ ഭക്ഷണം; ഫാത്തിമ തഹലിയ

കണ്ണൂരിലെ മുസ്ലിം വിവാഹങ്ങൾക്കിടയിൽ സ്ത്രീകളെ അടുക്കള ഭാ​ഗത്ത് ഭക്ഷണം കഴിക്കാൻ ഇരുത്തുന്നതിനെതിരെ നടി നിഖില വിമൽ നടത്തിയ പരാമർശത്തിനെതിരെ എംഎസ്എഫ് നേതാവ് ഫാത്തിമ തഹലിയ. വിശ്വാസത്തിന്റെ പേരിലുള്ള വേർതിരിവുകളെ വിവേചനമെന്ന് ചൂണ്ടിക്കാട്ടി വിമർശിക്കുന്നത് ശരിയല്ലെന്നാണ് ഫാത്തിമ തഹലിയയുടെ മറുപടി.

ഇത്തരം രീതികൾ എല്ലായിടത്തും നിലവിലുണ്ട്. നിഖില സംസാരിക്കുന്നത് അവരുടെ ജീവിത സാഹചര്യങ്ങളിൽ നിന്നുകൊണ്ടാണ്. സ്ത്രീകളെ ഭക്ഷണം കഴി‍ക്കാൻ അടുക്കളപ്പുറത്തിരുത്തുന്ന രീതി വിശ്വാസത്തിന്റെ പുറത്തുള്ള വേർതിരിവാണ്. വിവേചനം ആണ് നടക്കുന്നതെങ്കിൽ ഭക്ഷണത്തിലും അത് കാണണം. ഇവിടെ പുരുഷന് നൽകുന്ന അതേ ഭക്ഷണം തന്നെയാണ് സ്ത്രീകൾക്കും നൽകുന്നത്. സൗകര്യത്തിന് അനുസരിച്ചായിരിക്കും സ്ത്രീകൾക്ക് അടുക്കള ഭാ​ഗത്ത് ഭക്ഷണം നൽകുന്നതെന്നും ഫാത്തിമ തഹലിയ പ്രതികരിച്ചു.

മലബാറിൽ മാത്രമാണ് ഇത്തരം വേർതിരിവ് നടക്കുന്നതെന്നാണ് നിഖിലയുടെ പരാമർശം. അത് തെറ്റാണ്. കൂടിച്ചേരലുകൾ ഒഴിവാക്കുന്ന രീതി തന്നെ മുസ്ലിം വിശ്വാസത്തിനിടയിലുണ്ട്. കേരളത്തിന് അകത്തും പുറത്തും ഈ രീതി നിലവിലുണ്ടെന്നും ഫാത്തിമ തഹലിയ കൂട്ടിച്ചേർത്തു.

കണ്ണൂരിലെ മുസ്ലിം കല്യാണങ്ങളിൽ പങ്കെടുക്കാൻ വരുന്ന സ്ത്രീകൾക്ക് അടുക്കള ഭാ​ഗത്ത് ഇരുത്തി ഭക്ഷണം കൊടുക്കുന്ന രീതി ഇന്നും നിലവിലുണ്ടെന്നായിരുന്നു നിഖില വിമലിന്റെ പരാമർശം. ആണുങ്ങൾക്കൊക്കെ മുൻവശത്താണ് ഭക്ഷണം കൊടുക്കുന്നത്. അക്കാര്യത്തിൽ മാറ്റം വന്നിട്ടില്ല. കണ്ണൂരിലെ വീടുകളിൽ കല്യാണച്ചെക്കൻ എന്നും പുത്യാപ്ലയാണ്. മരിക്കുന്നത് വരെ അവർ പുത്യാപ്ലയായിരിക്കും. കല്യാണം കഴിക്കുന്ന പെണ്ണുങ്ങളുടെ വീട്ടിലാണ് അവർ നിൽക്കുന്നത്.. നടി പറഞ്ഞു.