‘പ്രേമം’ സിനിമയിലൂടെ മലയാളികളുടെ ഇഷ്ട താരമായി മാറിയ സായ് പല്ലവി വീണ്ടും മലയാളത്തിലേക്ക്. ‘പ്രേമം’, ‘കലി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഒരിക്കൽ കൂടി മലയാളി പ്രേക്ഷകർക്കിടയിലേക്ക് സായ് പല്ലവി എത്തുമ്പോൾ, നായകനാവുന്നത് ഫഹദ് ഫാസിലാണ്. നവാഗത സംവിധായകനായ വിവേക് ഒരുക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.
റൊമാന്റിക്ക് ത്രില്ലറായി എത്തുന്ന ചിത്രത്തിൽ, പ്രകാശ് രാജ്, സുരഭി, രഞ്ജി പണിക്കർ, അതുൽ കുൽക്കർണി, ലെന, ശാന്തി കൃഷ്ണ തുടങ്ങി വൻ താര നിരയാണുള്ളത്. മികച്ച നിരൂപക പ്രശംസ നേടിയ ഈ.മൗ.യൗവിന് ശേഷം പി.എഫ് മാത്യൂസ് രചന നിർവഹിച്ച ചിത്രത്തിന്റെ പ്രധാന ലോക്കേഷൻ ഊട്ടിയാണ്.
ഷൂട്ടിംഗ് പൂർത്തിയായെങ്കിലും ചിത്രത്തിന്റെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുൾപ്പടെയുള്ള വിവരങ്ങളും പുറത്തു വിട്ടിട്ടില്ല. ഇരുവരുടെയും അവസാനമിറങ്ങിയ ചിത്രങ്ങള്‍ തിയറ്ററുകള്‍ നിറച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്.