ഇന്നലെ തീയറ്ററുകളിലെത്തിയ ‘വികൃതി’ പ്രേക്ഷക പ്രശംസ നേടി കുതിപ്പ് തുടങ്ങി കഴിഞ്ഞു. നവാഗതനായ എം.സി ജോസഫ് സംവിധാനം ചെയ്ത ‘വികൃതി’യില്‍ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിക്കുന്ന കഥാപാത്രം എല്‍ദോ എന്ന അങ്കമാലിക്കാരന്റെ ജീവിതമാണ്. ‘മെട്രോയിലെ പാമ്പ്’ എന്ന പേരില്‍ രണ്ടു വര്‍ഷം മുമ്പ് നവമാധ്യമങ്ങളിലൂടെ എല്‍ദോയുടെ ജീവിതമാണ് യാഥാര്‍ഥ്യം അറിയാതെ പലരും പന്താടിയത്. കൊച്ചി മെട്രോയില്‍ മദ്യപിച്ച് ബോധമില്ലാതെ കിടന്നുറങ്ങിയ ഒരാള്‍ എന്ന പേരില്‍ എല്‍ദോയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയും വന്‍തോതില്‍ പ്രചരിക്കപ്പെടുകയും ചെയ്തു. ചിത്രം വൈറലായതോടെ തകര്‍ന്നുപോയത് എല്‍ദോയുടെ ജീവിതവും സമാധാനവുമായിരുന്നു.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോയി മടങ്ങിവരവേയാണ് എല്‍ദോയും കുടുംബവും മെട്രോയില്‍ കയറിയത്. യാത്രക്കിടെ ക്ഷീണം കൊണ്ട് എല്‍ദോ ഉറങ്ങിപ്പോയി. ഇതിന്റെ ചിത്രം എടുത്ത ഒരാള്‍, ഇത് മദ്യപിച്ച് മെട്രോയില്‍ കിടന്നുറങ്ങുന്നയാള്‍ എന്ന തരത്തില്‍ പ്രചരിപ്പിക്കുകയായിരുന്നു. യാഥാര്‍ഥ്യം അറിയാതെ പലരും ഈ ചിത്രം പങ്കുവെക്കുകയും ചെയ്തു. എല്‍ദോക്കെതിരെ നടന്ന വ്യാജ പ്രചരണത്തില്‍ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ അന്ന് രംഗത്തുവന്നിരുന്നു. സംസാരശേഷിയും കേള്‍വി ശക്തിയും ഇല്ലാത്ത വ്യക്തിയായിരുന്നു എല്‍ദോ. ഈ കഥയുടെ നേര്‍ചിത്രമാണ് വികൃതിയിലെ സുരാജിന്റെ കഥാപാത്രം. കഴിഞ്ഞ ദിവസം തന്റെ കഥ വെള്ളിത്തിരയിൽ പ്രേക്ഷകരോടൊപ്പം കണ്ടപ്പോൾ താൻ അന്ന് അഭിമുഖീകരിച്ച നിമിഷങ്ങൾ ഓർത്ത് എൽദോയുടെ കണ്ണുകൾ നിറഞ്ഞു. ഇതേസമയം, താനായി വെള്ളിത്തിരയിലെത്തിയ സുരാജ് വെഞ്ഞാറമൂടിന്റെ മികച്ച പ്രകടനം എൽദോയുടെ മനസും നിറച്ചു.