Entertainment

‘ദുല്‍ഖറിന്റെ കൈ പിടിച്ച് മകള്‍ മറിയം’; മണിയറയിലെ അശോകനിലൂടെ ആദ്യ നിര്‍മാണ ചിത്രം പ്രഖ്യാപിച്ച് താരം

യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. നവാഗതനായ ഷംസു സൈബ സംവിധാനം ചെയ്ത് ജേക്കബ് ഗ്രിഗറി നായകനാകുന്ന ‘മണിയറയിലെ അശോകന്‍’ എന്ന ചിത്രമാണ് പ്രഖ്യാപിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള വേഫെയറര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്. മൂന്ന് നവാഗതരാണ് ചിത്രത്തിലൂടെ മലയാള സിനിമക്ക് ലഭിക്കുന്നതെന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു. സംവിധായകന്‍ ഷംസു സൈബ, ഛായാഗ്രഹകന്‍ സജാദ് കാക്കു, എഴുത്തുക്കാരായ വിനീത് കൃഷ്ണന്‍, മകേഷ് ബോജി, പുതുമുഖ സംഗീത സംവിധായകന്‍ ശ്രീഹരി കെ നായര്‍, നിശ്ചല ഛായാഗ്രഹകന്‍ ശുഅൈബ് എന്നിവരാണ് മണിയറയിലെ അശോകന്‍ സിനിമയിലൂടെ മലയാള സിനിമയിലേക്കെത്തുന്നത്.

വേഫെയറര്‍ ഫിലിംസിന്റെ പ്രഖ്യാപനം ഇന്നലെയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ നടത്തിയത്. മമ്മൂട്ടിയും ദുല്‍ഖറുമാണ് ലോഗോയിലുള്ളതെന്നും മറിച്ച് ദുല്‍ഖറും മകള്‍ മറിയവുമാണ് ഒരുമിച്ചു നില്‍ക്കുന്നതെന്നും പുറത്തിറങ്ങിയ നിമിഷം മുതല്‍ നിരവധി അഭ്യുഹങ്ങളുണ്ടായിരുന്നു. ഇതില്‍ വ്യക്തത വരുത്തികൊണ്ടുള്ള പോസ്റ്റുമായാണ് താരം പിന്നീട് ഇന്‍സ്റ്റാഗ്രാമില്‍ പുതിയ ലോഗോയെ വിശേഷിപ്പിച്ച് രംഗത്തുവന്നത്. ‘ഗോട്ട് മരിയ ഇന്‍ ലോഗോ’ എന്നാണ് ദുല്‍ഖര്‍ ലോഗോയെ ഇന്‍സ്റ്റാഗ്രാമില്‍ വിശേഷിപ്പിച്ചത്.

ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ചിത്രീകരണം തുടങ്ങിയ ആദ്യ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനോടകം മൂന്ന് സിനിമകളാണ് ദുല്‍ഖറിന്റെ നേതൃത്വത്തിലുള്ള വേഫെയറര്‍ ഫിലിംസ് നിര്‍മാണത്തിലുള്ളത്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത് ദുല്‍ഖര്‍ നായകനാവുന്ന ‘കുറുപ്പ്’, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രം, ഷംസു സൈബ സംവിധാനം ചെയ്യുന്ന ചിത്രം, എന്നിവയാണ് വേഫെയറര്‍ ഫിലിംസിന്റെ കീഴില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.