മലയാളത്തിന്‍റെ യൂത്ത് ഐക്കണ്‍ ദുല്‍ഖര്‍ സല്‍മാന്‍റെ ബോളിവുഡ് ചിത്രമായ സോയ ഫാക്ടര്‍ തിയറ്ററുകളില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. തന്റെ രണ്ടാമത്തെ ഹിന്ദി ചിത്രവും മികച്ച അഭിപ്രായം നേടുമ്പോള്‍ അത്ഭുതപ്പെടുത്തുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഡിക്യൂ.
ഇന്ന് വേദികളെ കയ്യിലെടുത്ത് കയ്യടി വാങ്ങുന്ന ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നില്ല സിനിമയിലെത്തുന്നതിനു മുമ്പുള്ള ദുല്‍ഖര്‍. സിനിമയില്‍ എത്തുന്നതിനു മുന്‍പ് സ്റ്റേജില്‍ കയറാന്‍ വല്ലാത്ത ഭയമായിരുന്നെന്നും കയറിയാല്‍ തന്നെ ശബ്ദം പുറത്തേക്ക് വരില്ലെന്നുമാണ് ദുല്‍ഖര്‍ പറഞ്ഞത്.
“സിനിമയില്‍ വന്ന സമയത്ത് എനിക്ക് വല്ലാത്ത അരക്ഷിതത്വ ബോധമുണ്ടായിരുന്നു. ബാല്യ കാലത്തും കൌമാര കാലത്തും ഉള്‍ വലിഞ്ഞ പ്രകൃതമായിരുന്നു എന്‍റേത്. സ്റ്റേജിലൊക്കെ കയറാന്‍ വല്ലാത്ത പേടിയായിരുന്നു. അഥവാ കയറിയാല്‍ തന്നെ ശബ്ദം പുറത്തേക്ക് വരില്ല. മുംബൈയില്‍ അഭിനയ പഠനത്തിന്‍റെ ഭാഗമായി വന്നപ്പോഴാണ് അപരിചിതര്‍ക്കു മുന്നില്‍ സംസാരിക്കാന്‍ ധൈര്യമായത്.
മലയാള സിനിമയില്‍ ഒരു പുതിയ ട്രെന്‍ഡ് ഉണ്ടായിക്കൊണ്ടിരിക്കുന്ന സമയത്താണ് എന്‍റെ അരങ്ങേറ്റം. വളരെ റിയലിസ്റ്റിക് ആയി സിനിമ എടുക്കുന്ന ധാരാളം യുവ സംവിധായകര്‍ അവിടെയുണ്ട്. അതു കൊണ്ടു തന്നെ നമ്മള്‍ ചെയ്ത പല സിനിമകളും മറ്റു ഭാഷയിലെ സിനിമാസ്വാദകരും ഏറ്റെടുത്തു.” ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.