Entertainment

ജോര്‍ജ് കുട്ടിയായി മോഹന്‍ലാല്‍ വീണ്ടും; ചിത്രീകരണം ആരംഭിച്ചു

2013ല്‍ റിലീസ് ചെയ്ത് ബോക്സ് ഓഫീസില്‍ വമ്പന്‍ വിജയമായ മോഹന്‍ലാല്‍-ജീത്തു ജോസഫ് ടീമിന്‍റെ ദൃശ്യത്തിന് തുടര്‍ച്ച ഒരുങ്ങുന്ന കാര്യം നേരത്തെ അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്‍റെ ചിത്രീകരണം ആലുവയില്‍ കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു. എന്നാലിതാ ചിത്രത്തിലെ മോഹന്‍ലാലിന്‍റെ ജോര്‍ജ് കുട്ടിയായിരിക്കുന്ന ആദ്യ ലുക്ക് പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിന്‍റെ നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍, സംവിധായകന്‍ ജിത്തു ജോസഫ്, ഛായാഗ്രഹകന്‍ സതീഷ് കുറുപ്പ് എന്നിവരോടൊപ്പമുള്ള ചിത്രമാണ് പുറത്തുവന്നത്. സെപ്റ്റംബർ 25നാണ് മോഹൻലാൽ ചിത്രത്തിന്‍റെ ഭാഗമായത്.

ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂർ തന്നെയാണ് രണ്ടാം ഭാഗവും നിർമിക്കുന്നത്. ജീത്തു ജോസഫ് തന്നെയാണ് രചനയും സംവിധാനവും. ആദ്യ ചിത്രത്തില്‍ ഒരു ക്രൈം മൂടിവെക്കാന്‍ ശ്രമിക്കുന്ന ജോര്‍ജ് കുട്ടിയും കുടുംബവും രണ്ടാം ഭാഗത്തില്‍ പുതിയ പ്രതിസന്ധികള്‍ നേരിടുന്നതായാണ് കാണിക്കുന്നത്. മോഹൻലാൽ, മീന, അൻസിബ, എസ്തർ എന്നിവർ പഴയ അതെ വേഷങ്ങളില്‍ ഭാഗമാകും. സിദ്ദിഖ്, ആശാ ശരത്ത്, സായ്കുമാർ, മുരളി ഗോപി, ഗണേഷ് കുമാർ, സുമേഷ്, ആദം അയൂബ്, അഞ്ജലി നായർ, അജിത് കൂത്താട്ടുകുളം എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

സംഗീതം അനിൽ ജോൺസൺ, സതീഷ് കുറുപ്പാണ് ഛായാഗ്രാഹകൻ. എഡിറ്റിങ് വിനായകൻ. കലാസംവിധാനം -രാജീവ് കോവിലകം. നിശ്ചലമായാഗ്രഹണം -ബെന്നറ്റ്. മേക്കപ്പ്- ജിതേഷ് പൊയ്യ . കോസ്റ്റ്യും ഡിസൈൻ-ലിൻഡ ജീത്തു. അസ്സോസ്സിയേറ്റ് ഡയറക്ടർ സുധീഷ് രാമചന്ദ്രൻ. സഹസംവിധാനം – സോണി കുളക്കട, അർഷാദ് അയൂബ്. പ്രൊഡക്‌ഷൻ കൺട്രോളർ. സിദ്ദു പനയ്ക്കൽ. പ്രൊഡക്‌ഷൻ എക്സികുട്ടീവ്: സേതു അടൂർ, പ്രൊഡക്‌ഷൻ മാനേജർ. പ്രണവ് മോഹൻ. ഫിനാൻസ് കൺട്രോളർ ശശിധരൻ കണ്ടാണിശ്ശേരിൽ. കൊച്ചി, തൊടുപുഴ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകുന്ന ഈ ചിത്രം ആശീർവാദ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.