Entertainment

തവളകളെക്കുറിച്ചൊരു ഡോക്യുമെന്‍ററിയൊരുക്കി ബേഡി സഹോദരന്മാര്‍

പശ്ചിമഘട്ട മലനിരകളിലെ തവളകളെക്കുറിച്ചൊരു ഡോക്യുമെന്ററിയുമായി ചലച്ചിത്രകാരന്മാരായ അജയ് ബേഡിയും വിജയ് ബേഡിയും. ഏതാണ്ട് മൂന്ന് വര്‍ഷമെടുത്താണ് ദി സീക്രട്ട് ലൈഫ് ഓഫ് ഫ്രോഗ്‌സ് എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം പൂര്‍ത്തീകരിച്ചത്. തങ്ങള്‍ പ്രതീക്ഷിച്ചതിനപ്പുറം നന്നായി ചെയ്യാന്‍ കഴിഞ്ഞെന്ന് സംവിധായകര്‍ സ്‌ക്രോള്‍ ഡോട്ട് ഇന്നിനോട് പറഞ്ഞു.

അത്യപൂര്‍വമായ ഗണത്തില്‍പ്പെട്ട തവളകളെക്കുറിച്ചാണ് അജയ് ബേഡി ക്യാമറയില്‍ പകര്‍ത്തി വിജയ് വിവരിക്കുന്ന ദി സീക്രട്ട് ലൈഫ് ഓഫ് ഫ്രോഗ്‌സ്പറയുന്നത്. വര്‍ഷകാലത്ത് മാത്രം കാണുന്ന പര്‍പ്പിള്‍ തവളയെയും നൃത്തം ചെയ്ത് ഇണയെ മയക്കുന്ന ടോറന്റ് തവളയെക്കുറിച്ചുമാണ് 45 മിനിറ്റ് ദൈര്‍ഘ്യമുള്ള സിനിമ വിവരിക്കുന്നത്.

പല തരത്തിലുള്ള കാലാവസ്ഥകളില്‍ ഷൂട്ട് ചെയ്ത് ശീലമുള്ളതുകൊണ്ട് ഈ ചെറിയ ജീവികളെ ഷൂട്ട് ചെയ്യുക എന്നത് നിസാരമായിരിക്കുമെന്നാണ് ഞങ്ങള്‍ കരുതിയിരുന്നത്. പക്ഷെ ഷൂട്ട് തുടങ്ങി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇതത്ര എളുപ്പമല്ലെന്ന് ഞങ്ങള്‍ക്ക് മനസിലായി ‘ – വിജയ് ബേഡി പറഞ്ഞു

സംഭാഷണങ്ങളോട് കൂടെ ആളുകളെ രസിപ്പിക്കുന്ന ചിത്രമായിരിക്കും ഇതെന്ന് പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫര്‍ നരേഷ് ബേഡിയുടെ മക്കളും പുരസ്‌ക്കാര ജേതാക്കളുമായ അവര്‍ അറിയിച്ചു. ചിത്രത്തിന്റെ ആദ്യ സംപ്രേക്ഷണം മെയ് 1 ന് അനിമല്‍ പ്ലാനറ്റില്‍ നടക്കും.