Entertainment

വിലക്കിന് പിന്നില്‍ ദിലീപ്, നഷ്ടമായത് 10 വര്‍ഷം: വിനയന്‍

10 വര്‍ഷം നിലപാടുകളുടെ പേരിലാണ് തന്നെ മലയാള സിനിമയില്‍ നിന്ന് അകറ്റിനിര്‍ത്തിയതെന്ന് സംവിധായകന്‍ വിനയന്‍. താന്‍ ഒരു കരാറും ലംഘിച്ചിട്ടില്ല. സിനിമാക്കാരെ തല്ലിയിട്ടില്ല. ഒരു നടിയെയും പീഡിപ്പിച്ചിട്ടില്ല. എന്നിട്ടും 10 വര്‍ഷമാണ് വിലക്കിയത്. ഒരു പ്രൊഡ്യൂസറില്‍ നിന്നും 40 ലക്ഷം അഡ്വാന്‍സ് വാങ്ങി അഭിനിയിക്കില്ലെന്ന് ദിലീപ് പറഞ്ഞപ്പോള്‍ സംഘടനാ നേതൃത്വത്തിലിരുന്ന് താന്‍ പറഞ്ഞത് അത് ശരിയല്ല, അഭിനയിച്ചേ പറ്റുള്ളൂ എന്നാണ്. തന്നെ ചട്ടം പഠിപ്പിക്കാന്‍ നോക്കുന്ന വിനയേട്ടന്‍ സിനിമാ ഇന്‍ഡസ്ട്രിയില്‍ വേണ്ട എന്ന് ദിലീപും പറഞ്ഞു. അദ്ദേഹം പറഞ്ഞത് വിജയിച്ചു. അന്നന്ന് കാണുന്നവരെ അപ്പാ എന്ന് വിളിക്കാന്‍ ഒട്ടും മടിയില്ലാത്തവരുടെ മേഖലയാണ് സിനിമയെന്നും വിനയന്‍ വിമര്‍ശിച്ചു.

ജയസൂര്യ നായകനായ ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ എന്ന സിനിമക്ക് നേരെയും വിലക്കിന് നീക്കമുണ്ടായി. ജയസൂര്യയുടെ ചിത്രം നൽകാൻ പോലും ചലച്ചിത്ര വാരികയെ വിലക്കിയവരുണ്ടെന്നും പ്രേംനസീർ ചലച്ചിത്ര രത്നം അവാർഡ് ദാന ചടങ്ങില്‍ വിനയന്‍ പറഞ്ഞു.

ഊമപ്പെണ്ണിന് ഉരിയാടാ പയ്യൻ എന്ന സിനിമ ചെയ്യവേ ഒരു ചലച്ചിത്ര വാരിക കവര്‍ ഫോട്ടോ ആക്കാമെന്ന് പറഞ്ഞ് ജയസൂര്യയുടെ പടം എടുത്തുകൊണ്ടുപോയി. എന്നാല്‍ അച്ചടിച്ചുവന്നില്ല. ജയസൂര്യയുടെ പടം അച്ചടിച്ചിട്ട് വലിയ താരങ്ങളുടെ സെറ്റില്‍ പോയാല്‍ അവരുടെ പടം എടുക്കാന്‍ സമ്മതിക്കില്ലെന്ന തരത്തില്‍ പറഞ്ഞാല്‍ എന്തുചെയ്യും എന്നായിരുന്നു ഫോട്ടോഗ്രാഫറുടെ മറുപടിയെന്ന് വിനയന്‍ പറഞ്ഞു.