Entertainment

വിവാദങ്ങളും പ്രശ്‌നങ്ങളും ഒഴിവാക്കാമായിരുന്നുവെന്ന് സംവിധായകൻ കമല്‍

നടന് ഷെയ്‌ൻ നിഗവുമായി ബന്ധപ്പെട്ട വിവാദത്തില് പ്രതികരണവുമായി സംവിധായകന് കമല്. ഷെയ്‌ൻ വിചാരിച്ചിരുന്നെങ്കില്‍ വിവാദങ്ങളും പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ കഴിയുമായിരുന്നു എന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍. “ഒരു സെറ്റില്‍ ഒരു സിനിമ തീര്‍ക്കാനായി കരാര്‍ ഒപ്പിട്ടുകഴിഞ്ഞാല്‍ അയാള്‍ക്ക് പ്രതിബദ്ധത ആരോടാണെന്ന് ആലോചിക്കണം. തന്നോടായിരിക്കരുത് പ്രതിബദ്ധത. അന്ന് പുറത്തുവന്ന വാര്‍ത്തകള്‍ നോക്കുമ്പോള്‍ ഷെയ്‌ൻ അയാളോട് മാത്രമാണ് പ്രതിബദ്ധത കാണിച്ചത്. അങ്ങനെ ചെയ്യരുത്. കരാര്‍ ഒപ്പിട്ടു കഴിഞ്ഞാല്‍ പിന്നെ സിനിമയോടായിരിക്കണം പ്രതിബദ്ധത.” കമല്‍ പറഞ്ഞു. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് കമല് ഇക്കാര്യം വ്യക്തമാക്കിയത്.

സംവിധായകന്റെ കലയാണ് സിനിമ. അതിനെ അംഗീകരിക്കാന്‍ ഷെയ്‌ൻ തയ്യാറാകണമെന്നും കമല്‍ തിരുവനന്തപുരത്ത് പറഞ്ഞു. സിനിമ തീര്‍ക്കാന്‍ നിര്‍മാതാവ് ആവശ്യപ്പെടും. അത് അയാളുടെ ഉത്തരവാദിത്തമാണ്. സംവിധായകന്റെയും നിര്‍മാതാവിന്റെയും താല്‍പര്യത്തിനനുസരിച്ച് സിനിമ തീര്‍ത്തു നല്‍കണം. അവിടെ സ്വന്തം മൂഡും ഇഷ്ടങ്ങളും അല്ല പ്രധാനം എന്ന് മനസിലാക്കണം. അങ്ങനെ തിരിച്ചറിഞ്ഞാല്‍ പ്രശ്‌നങ്ങളുണ്ടാകില്ലെന്നും കമല്‍ പറഞ്ഞു. അതേസമയം, ഷെയ്‌നെ വിലക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അങ്ങനെ വിലക്കാന്‍ നോക്കിയാല്‍ അതിനെ എതിര്‍ക്കുന്നവരില്‍ താനുമുണ്ടാകുമെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.

ഇപ്പോഴത്തെ കാലഘട്ടത്തിൽ നല്ല സിനിമകൾ ഉണ്ടാകുന്നുണ്ടെന്നും കമൽ പറഞ്ഞു. പതിനഞ്ച് വർഷം മുൻപ് ആരും ആലോചിക്കാതെയിരുന്ന കാര്യങ്ങൾ പോലും സിനിമയാകുന്ന കാലമാണിതെന്നും നല്ല കഴിവുള്ള സംവിധായകർ സിനിമയിലുണ്ടെന്നും കമൽ വ്യക്തമാക്കി.