Entertainment

മതി, ബോളിവുഡില്‍ നിന്ന് രാജിവെക്കുന്നു: ഥപട് സംവിധായകന്‍ അനുഭവ് സിന്‍ഹ

ബോളിവുഡില്‍ നിന്ന് താന്‍ പിന്മാറുകയാണെന്ന് സംവിധായകന്‍ അനുഭവ് സിന്‍ഹ. ട്വീറ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ എന്താണ് കാരണമെന്ന് പറഞ്ഞിട്ടില്ല. ഥപട്, ആര്‍ട്ടിക്കിള്‍ 14, മുള്‍ക്ക് പോലുള്ള ശ്രദ്ധേയമായ സിനിമകള്‍ ചെയ്ത സംവിധായകനാണ് അനുഭവ് സിന്‍ഹ.

മതി, ഞാന്‍ ബോളിവുഡില്‍ നിന്ന് രാജി വെയ്ക്കുന്നു അതിനര്‍ഥം എന്തുതന്നെയായാലും.. എന്നാണ് അനുഭവ് സിന്‍ഹയുടെ ട്വീറ്റ്.

പിന്നാലെ താന്‍ ബോളിവുഡില്‍ അല്ലെന്നും (ബോളിവുഡ് വോസ്) എന്നാല്‍ ഇനിയും ഹിന്ദി സിനിമ ചെയ്യുമെന്നും അനുഭവ് വ്യക്തമാക്കി.

ട്വിറ്ററിലെ പേര് അനുഭവ്സിന്‍ഹ നോട്ട് ബോളിവുഡ് എന്നാക്കി മാറ്റുകയും ചെയ്തു.

അനുഭവ് സിന്‍ഹക്ക് പിന്നാലെ രണ്ട് സംവിധായകര്‍ കൂടി സമാന നിലപാടുമായി രംഗത്തെത്തി. ബോളിവുഡ് ബഹിഷ്കരിച്ച് നമുക്ക് ഇന്ത്യന്‍ സിനിമയുടെയും കഥ പറച്ചിലിന്‍റെയും ഭാഗമാകാം എന്നാണ് സംവിധായകന്‍ സുധീര്‍ മിശ്ര ട്വീറ്റ് ചെയ്തത്.

സത്യജിത് റേ, ഗുരുദത്ത്, രാജ്കപൂര്‍, റിത്വിക്ക് ഘട്ടക്ക്, ബിമല്‍ റോയ്, മൃണാല്‍ സെന്‍, തപന്‍ സിന്‍ഹ, ഗുല്‍സാര്‍ തുടങ്ങിയവരില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് താന്‍ സിനിമയിലേക്ക് വന്നതെന്നും എന്ത് ബോളിവുഡെന്നും സുധീര്‍ മിശ്ര വിശദീകരിച്ചു.

ബോളിവുഡ് എന്നത് ഒരു ജീവിത രീതിയാണെന്നും സ്വതന്ത്ര സിനിമ ഒരിക്കലും അതിന്‍റെ പ്രചാരക വാഹനമാകേണ്ടതില്ലെന്നും സുധീര്‍ മിശ്ര വിശദീകരിച്ചു. ബോളിവുഡ് ഒരിക്കലും ആദ്യ സ്ഥാനത്തുണ്ടായിരുന്നില്ലെന്ന് ഹന്‍സല്‍ മേത്ത പ്രതികരിച്ചു.

നടന്‍ സുശാന്ത് സിങ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിനെതിരെ ബോളിവുഡിനുള്ളില്‍ നിന്ന് തന്നെ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു. സ്വജനപക്ഷപാതത്തിനും ലോബിയിങിനുമൊക്കെ എതിരെ കങ്കണയെ പോലെയുള്ള താരങ്ങള്‍ തന്നെ രംഗത്തുവരുന്ന സാഹചര്യമുണ്ടായി. പിന്നാലെയാണ് ഈ സംവിധായകരുടെ നിലപാട് പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്.