Entertainment

മഞ്ജുവിനോട് ശത്രുതയില്ല, സിനിമ ആവശ്യപ്പെട്ടാല്‍ ഒന്നിച്ചഭിനയിക്കുമെന്ന് ദിലീപ്

സിനിമ ആവശ്യപ്പെട്ടാല്‍ നടി മഞ്ജു വാര്യരുമായി ഒന്നിച്ച് അഭിനയിക്കാന്‍ തയ്യാറാണെന്ന് ദിലീപ്. അവരുമായി ഒന്നിച്ചു അഭിനയിക്കുന്നതില്‍ യാതൊരു തടസവുമില്ല. മഞ്ജുവുമായി ശത്രുതയില്ലെന്നും ദിലീപ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഡബ്ള്യൂ.സി.സിയില്‍ ഉള്ളവരെല്ലാം തന്റെ സഹപ്രവര്‍ത്തകരാണെന്നും അവര്‍ക്കെല്ലാം നല്ലതുവരാന്‍ ആഗ്രഹിക്കുന്നുവെന്നും ദിലീപ് പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ തനിക്ക് അറിയാവുന്നതെല്ലാം ഒരിക്കല്‍ തുറന്നുപറയുമെന്നും ദിലീപ് പറഞ്ഞു. കേസ് കോടതിയില്‍ ആയതിനാല്‍ ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സിനിമയില്‍ ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ചോദ്യത്തിന് ലഹരി വസ്തുക്കളുടെ ഉപയോഗത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു ദിലീപിന്റെ മറുപടി.

ഒരു കാലത്ത് മലയാളത്തിലെ ഹിറ്റ് ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. സല്ലാപം, കുടമാറ്റം, ഈ പുഴയും കടന്ന് തുടങ്ങി ഇരുവരും ഒന്നിച്ച സിനിമകളെല്ലാം ഹിറ്റായിരുന്നു. വിവാഹത്തോടെ മഞ്ജു സിനിമക്ക് ഇടവേള നല്‍കിയപ്പോള്‍ ദിലീപ് ജനപ്രിയതാരമായി വളര്‍ന്നു. 2015ല്‍ ഇരുവരും വിവാഹമോചിതരായി. 2014ല്‍ മഞ്ജു വീണ്ടും സിനിമയില്‍ തിരിച്ചെത്തി. ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളുമായി മഞ്ജു സിനിമാരംഗത്ത് സജീവമാണ്.