ഇന്ത്യയിലെ വിവാദങ്ങൾക്ക് ഇടയിലും കഴിഞ്ഞ ദിവസം നടന്ന ഫിഫ വേൾഡ് കപ്പ് ഫൈനലിൽ ട്രോഫി അനാവരണം ചെയ്യാന്‍ ദീപിക എത്തിയപ്പോൾ, അത് ഓരോ ഇന്ത്യക്കാരനും അഭിമാന നിമിഷമായി മാറി. സമൂഹമാധ്യമങ്ങളിൽ ദീപികയെ പ്രശംസിച്ചും പുകഴ്ത്തി കൊണ്ടുമുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു. ഇതാദ്യമായാണ് ഒരു ഇന്ത്യൻ നടി ഫിഫ ലോകകപ്പ് ട്രോഫി അനാവരണം ചെയ്യുന്നത്.
അർജന്റീന-ഫ്രാൻസ് ഫൈനലിന് മുമ്പ് പ്രത്യേകം തയാറാക്കിയ ലൂയിസ് വ്യൂട്ടൺ ട്രങ്കിൽ ലുസൈൽ സ്റ്റേഡിയത്തിൽ എത്തിച്ച കപ്പ് ദീപികയും സ്‍പെയിനിന്റെ മുൻ ക്യാപ്റ്റൻ ഇകർ കസീയസും ചേർന്നാണ് ലോകത്തിന് മുമ്പിൽ അവതരിപ്പിച്ചത്.
കഴിഞ്ഞ കുറിച്ച് ദിവസങ്ങളായി ദീപിക പദുക്കോൺ ആണ് ബോളിവുഡിലെ ചർച്ചാ വിഷയം. പത്താൻ എന്ന ചിത്രത്തിലെ ആദ്യഗാനമായിരുന്നു ഇതിന് കാരണം. ബേഷരം രംഗ് എന്ന ഗാനത്തിൽ ദീപിക ധരിച്ച കാവി നിറത്തിലുള്ള ബിക്കിനി ഒരു വിഭാഗത്തെ ചൊടിപ്പിക്കുകയും സിനിമ ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി അവർ രംഗത്തെത്തുകയും ചെയ്തു.
പത്താൻ സിനിമ വിവാദത്തിനിടെയാണ് ദീപിക പദുക്കോണിന് അപൂർവ സൗഭാഗ്യം ലഭിക്കുന്നത്. ഖത്തറിലേക്ക് പുറപ്പെടുന്നതിന് മുന്നോടിയായി ശനിയാഴ്ച വൈകീട്ട് മുംബൈ വിമാനത്താവളത്തിലെത്തിയ നടിയുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു.
അതേസമയം കഴിഞ്ഞയാഴ്ച ഖത്തറിൽ നടന്ന ഫിഫ ഫാൻ ഫെസ്റ്റ് പരിപാടിയിലെ നടി നോറ ഫത്തേഹിയുടെ നൃത്തം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ലൈറ്റ് ദി സ്കൈ’ എന്ന ലോകകപ്പ് ഗാനത്തിനാണ് നടി ചുവടുവെച്ചത്. നടിയെ പ്രശംസിച്ച് നിരവധി പേർ രംഗത്തുവന്നിരുന്നു.