Entertainment

ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടി; ദീപിക പദുകോണിന്‍റെ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത്

ദീപിക പദുകോണ്‍ ആസിഡ് ആക്രമണത്തെ അതിജീവിക്കുന്ന കഥാപാത്രമാകുന്ന ചിത്രമായ ചപ്പാക്കിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ആലിയ ബട്ടിന്‍റെ റാസിക്ക് ശേഷം മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ മാല്‍ടി എന്ന കഥാപാത്രമായാണ് ദീപിക എത്തുന്നത്. ലക്ഷമി അഗര്‍വാള്‍ എന്ന യുവതിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്‍റെ കഥ ഒരുക്കിയിരിക്കുന്നത്.

വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് പതിനഞ്ചാം വയസിലാണ് ലക്ഷമിക്ക് ആസിഡ് ആക്രമണത്തിന് ഇരയാവേണ്ടി വന്നത്. അന്നുമുതല്‍ ആസിഡ് അക്രമങ്ങളെയും ആസിഡ് വില്‍പ്പനയെയും എതിര്‍ത്തുകൊണ്ട് ലക്ഷമി പോരാടുകയാണ്. തന്‍റെ ലക്ഷ്യം നിറവേറ്റാനായി സ്റ്റോപ് സെയില്‍ ആസിഡ് എന്ന ഒരു സ്ഥാപനം അവര്‍ നടത്തി വരുന്നു.

ചപ്പാക്കിന്‍റെ ചിത്രീകരണം ഇന്ന് ഡല്‍ഹിയില്‍ ആരംഭിച്ചു. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ്, ദീപിക പദുകോണിന്‍റെ കെ.എ എന്‍റര്‍ടെയിന്‍മെന്‍റ്, മേഘ്ന ഗുല്‍സാറിന്‍റെ മൃഗ ഫിലിംസ് എന്നിവര്‍ സംയുക്തമായി ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ദീപികയുടെ കമ്പനിയുടെ ബാനറില്‍ പുറത്തിറങ്ങുന്ന ആദ്യത്തെ സിനിമയാണ് ചപ്പാക്ക്. ഷാറൂഖ് ഖാന്‍റെ സീറോയിലെ അതിഥി വേഷമൊഴിച്ചാല്‍ പദ്മാവതിന് ശേഷമുള്ള ദീപികയുടെ തിരിച്ചുവരവായിരിക്കും ചപ്പാക്ക്.