Entertainment

ദശമൂലം ദാമുവിനെ എഴുതാന്‍ ചോദിച്ചു, തന്നില്ലെന്ന് തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരന്‍

മമ്മൂട്ടി നായകനായി പുറത്തുവന്ന ചട്ടമ്പിനാട് എന്ന ചിത്രത്തിലെ ഏറ്റവും ഹിറ്റ് കഥാപാത്രമാണ് ദശമൂലം ദാമു. സിനിമ ഇറങ്ങിയപ്പോള്‍ കിട്ടാത്ത സ്വീകാര്യതയാണ് ദശമൂലം ദാമുവിന് പിന്നീട് ട്രോളന്‍മാര്‍ക്കിടയില്‍ നിന്നും വര്‍ഷങ്ങള്‍ക്കിപ്പുറവും ലഭിക്കുന്നത്. ഇടക്കാലത്ത് ദശമൂലം ദാമുവിനെ വെച്ച് പുതിയൊരു ചിത്രം കൊണ്ടുവരുന്നതായ വാര്‍ത്തകളും ഉണ്ടായിരുന്നു. സിനിമ സംവിധാനം ചെയ്ത ഷാഫി തന്നെയാണ് ദശമൂലം ദാമു വീണ്ടും വരുമെന്ന് പ്രഖ്യാപിച്ചത്.

എന്നാലിതാ സിനിമാ ചര്‍ച്ചകളുടെ അണിയറയില്‍ മാത്രം സംഭവിച്ച കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഹിറ്റ് തിരക്കഥാകൃത്തായ ശ്യാം പുഷ്ക്കരന്‍. താന്‍ ബെന്നി പി നായരമ്പലത്തോട് ദശമൂലം ദാമുവിനെ എഴുതാന്‍ തനിക്ക് തരുമോയെന്ന് ചോദിച്ച് സമീപിച്ചിരുന്നെന്നും പക്ഷെ അദ്ദേഹം തന്നെ എഴുതുകയാണെന്ന് പറഞ്ഞപ്പോള്‍ പൂര്‍ണ പിന്തുണ നല്‍കുകയാണ് ചെയ്തതെന്നും ശ്യാം പുഷ്ക്കരന്‍ സിനിമാ പാരഡൈസോ പുരസ്കാരദാന ചടങ്ങില്‍ പറഞ്ഞു.

മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങവെയാണ് ശ്യാം പുഷ്ക്കരന്‍ ദശമൂലം ദാമുവിനെ സ്വന്തമാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട കഥ പറഞ്ഞത്. ചടങ്ങില്‍ ശ്യാം പുഷ്ക്കരന് തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലമാണ് പുരസ്കാരം സമ്മാനിച്ചത്. താന്‍ ഏറെ ബഹുമാനിക്കുന്ന തിരക്കഥാകൃത്താണ് ശ്യാം പുഷ്‌ക്കരനെന്ന് ബെന്നി.പി.നായരമ്പലം പറഞ്ഞു.