Entertainment

ബി.ബി.സിയുടെ ലോകത്തെ സ്വാധീനിച്ച വനിതകളുടെ പട്ടികയില്‍ ദലിത് ഗായിക ഇസൈ വാണിയും

ബി.ബി.സിയുടെ ലോകത്തെ സ്വാധീനിച്ച നൂറ് വനിതകളുടെ പട്ടികയില്‍ ഇടം നേടി ദലിത് വനിതയും കാസ്റ്റ്ലെസ്സ് കളക്റ്റീവ് ബാൻഡിന്റെ ഗായികയുമായ ഇസൈവാണി. ശബരിമല സ്ത്രീപ്രവേശന വിധിയെയും തുടര്‍ന്നുള്ള പ്രതിഷേധങ്ങളെയും കുറിച്ച് എഴുതി ആലപിച്ച ‘ഐ ആം സോറി അയ്യപ്പ നാന്‍ ഉള്ള വന്താല്‍ എന്നപ്പാ’ എന്ന ഗാനത്തിലൂടെയാണ് ഇസൈ വാണി ശ്രദ്ധിക്കപ്പെട്ടത്. സംവിധായകന്‍ പാ രഞ്ജിത്തിന്റെ കാസ്റ്റ്‌ലെസ് കളക്ടീവ് ബാന്‍ഡിലെ ഏക വനിതാ അംഗം കൂടിയാണ് ഇസൈവാണി.

തെന്മ, സന്തോഷ് കുമാര്‍, അരുണ്‍ രാജന്‍ എന്നിവരുടെ മദ്രാസ് റെക്കോര്‍ഡ്സും സംവിധായകന്‍ പാ രഞ്ജിത്തിന്‍റെ നീലം കള്‍ച്ചറല്‍ സെന്‍ററും ഒരുമിച്ചാണ് പിന്നീട് കാസ്റ്റ്ലെസ് കളക്ടീവ് പിറവിയെടുക്കുന്നത്. അംബേദ്കറേറ്റ് രാഷ്ട്രീയം ഉയര്‍ത്തിപിടിച്ചുകൊണ്ടുള്ള കാസ്റ്റ്ലെസ് കളക്ടീവിന്‍റെ സംഗീത വീഡിയോകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗാന മ്യൂസികിലൂടെയാണ് ഇസൈവാണി ശ്രദ്ധിക്കപ്പെടുന്നത്.

ഇസൈ വാണിയെ കൂടാതെ ഇന്ത്യന്‍ പാരാ അത്‌ലറ്റിക് താരം മാനുഷി ജോഷിയും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇവരെ കൂടാതെ പൗരത്വ ഭേദഗതിയ്‌ക്കെതിരെ ഷഹീന്‍ ബാഗില്‍ പ്രതിഷേധം നയിച്ച ബില്‍കിസ് ബാനുവും പട്ടികയിലെ ഇന്ത്യന്‍ സാന്നിധ്യമായിരിക്കുകയാണ്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ലോകത്തെ സ്വാധീനിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ച വനിതകളില്‍ നിന്നാണ് ബി.ബി.സി ടീം നൂറു പേരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.