ബോക്സ് ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച കെ.ജി.എഫിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ്ങിന് സ്റ്റേ. കോലാര്‍ സ്വര്‍ണ ഖനിയിലെ സയനഡ് ഹില്‍സില്‍ നടക്കുന്ന ഷൂട്ടിങ്ങാണ് കോലാര്‍ ജുഡിഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ്ക്ലാസ് കോടതി സ്റ്റേ ചെയ്തത്. സിനിമയുടെ ചിത്രീകരണം പരിസ്ഥിതി പ്രശ്നമുണ്ടാക്കുന്നു എന്ന പ്രദേശവാസിയുടെ പരാതിയെ തുടര്‍ന്നാണ് സ്റ്റേ.
ശ്രീനിവാസ എന്നയാളാണ് പരാതി നല്‍കിയത്. വാദം കേട്ട ശേഷം ഷൂട്ടിങ് നിര്‍ത്തിവെയ്ക്കണമെന്ന ഇടക്കാല ഉത്തരവ് കോടതി പുറപ്പെടുവിക്കുകയായിരുന്നു. അതേസമയം സയനഡ് ഹില്‍സിലുള്ള ഷൂട്ടിങ് ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞുവെന്നാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കാര്‍ത്തിക് ഗൗഡ പറയുന്നത്. അടുത്ത ഘട്ട ചിത്രീകരണം മറ്റൊരു സ്ഥലത്താണ്. ഇനി അവസാന ഷെഡ്യൂളിന് വേണ്ടി മാത്രമാണ് കോളാറിലേക്ക് വരിക. കോടതി ഉത്തരവ് മാനിച്ച് നിലവില്‍ ഇവിടത്തെ ഷൂട്ടിങ് നിര്‍ത്തിവെയ്ക്കുകയാണ്. പ്രശ്നം പരിഹരിച്ച ശേഷം അവസാന വട്ട ചിത്രീകരണം ഇവിടെ നടത്താനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
കോലാര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തില്‍ റോക്കി എന്ന അധോലോക നായകന്റെ കഥ പറഞ്ഞ ചിത്രം ബോക്സ് ഓഫീസില്‍ തരംഗമായി മാറി. യഷ് ആയിരുന്നു നായകന്. പ്രശാന്ത് നീല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ ബോളിവുഡ് താരം സഞ്ജയ് ദത്ത് വില്ലനായി എത്തുന്നു.