സിനിമാ പാരഡിസോ ക്ലബ് സിനി അവാർഡ്‌സ് പ്രഖ്യാപിച്ചു. കുമ്പളങ്ങി നൈറ്റ്‌സ് ആണ് മികച്ച ചിത്രം. ആൻഡ്രോയിഡ് കുഞ്ഞപ്പൻ, വികൃതി, ഫൈനൽസ്, ഡ്രൈവിംഗ് ലൈസൻസ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് സുരാജ് വെഞ്ഞാറമൂട് മികച്ച നടനായും, ഹെലൻ, കുമ്പളങ്ങി നൈറ്റ്‌സ് എന്നിവയിലെ അഭിനയത്തിന് അന്നാ ബെൻ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകൻ ആഷിഖ് അബുവാണ്, ചിത്രം വൈറസ്.
മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരവും ശ്യാം പുഷ്ക്കരനിലൂടെ കുമ്പളങ്ങി നൈറ്റ്‌സ് നേടി. ചിത്രത്തിലെ അഭിനയത്തിന് ഗ്രേസ് ആന്റണി മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടു. സിനിമയിലെ ചെരാതുകൾ എന്ന് തുടങ്ങുന്ന ഗാനമാണ് മികച്ച ഒറിജിനൽ സോങ്. മൂത്തോനിലെ അഭിനയത്തിന് റോഷൻ മാത്യു മികച്ച സഹനടനായും തെരഞ്ഞെടുക്കപ്പെട്ടു.
മറ്റ് അവാര്‍ഡുകള്‍: മികച്ച പശ്ചാത്തല സംഗീതം – സുശിൻ ശ്യാം (വൈറസ്, കുമ്പളങ്ങി നൈറ്റ്‌സ്), മികച്ച സൗണ്ട് ഡിസൈൻ – രംഗനാഥ് രവി (ജെല്ലിക്കെട്ട്), മികച്ച ഛായാഗ്രാഹകൻ – ഗിരീഷ് ഗംഗാധരൻ (ജെല്ലിക്കെട്ട്), മികച്ച എഡിറ്റർ – സൈജു ശ്രീധരൻ (വൈറസ്, കുമ്പളങ്ങി നൈറ്റ്‌സ്), മികച്ച വസ്ത്രാലങ്കാരം – രമ്യ സുരേഷ് (ലൂക്ക),മികച്ച പ്രൊഡക്ഷൻ ഡിസൈൻ – ജ്യോതിഷ് ശങ്കർ (വൈറസ്, കുമ്പളങ്ങി നൈറ്റ്‌സ്).
മലയാള സിനിമക്കുള്ള സമഗ്ര സംഭാവനകളെ മുൻ നിർത്തിയുള്ള പ്രത്യേക പ്രതിഭാ പുരസ്കാരം മലയാള സിനിമയുടെ വളർച്ചക്കും, നിലനിൽപ്പിനും ചുക്കാൻ പിടിച്ച സ്റ്റുഡിയോകളായ ഉദയായ്ക്കും, മെറിലാൻഡിനും സംയുക്തമായി നൽകാൻ തീരുമാനിച്ചതായി സിനിമാ പാരഡിസോ ക്ലബിന്റെ ഭാരവാഹികൾ അറിയിച്ചു. പുരസ്കാരദാനവും തുടർന്നുള്ള അനുമോദന യോഗവും, ഫെബ്രുവരി 16 ആം തീയതി കൊച്ചി ഐഎംഎ ഹാളിൽ വെച്ച് നടക്കും.