Entertainment

താരങ്ങളുടെ പ്രതിഫല തുക; ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് സിനിമസംഘടനകള്‍

ഔദ്യോഗിക അറിയിപ്പ് ലഭിച്ച ശേഷം ചര്‍ച്ച ചെയ്യുമെന്നും പ്രതിസന്ധി പരിഹരിക്കാന്‍ സഹകരിക്കുമെന്നുമാണ് അമ്മയുടെ നിലപാട്

താരങ്ങള്‍ പ്രതിഫലതുക കുറക്കണമെന്ന നിര്‍മ്മാതാക്കളുടെ നിലപാട് മലയാളസിനിമയില്‍ പുതിയചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ് ‍. ഔദ്യോഗിക അറിയിപ്പ് ലഭിച്ച ശേഷം ചര്‍ച്ച ചെയ്യുമെന്നും പ്രതിസന്ധി പരിഹരിക്കാന്‍ സഹകരിക്കുമെന്നുമാണ് അമ്മയുടെ നിലപാട്. അതേസമയം നിര്‍മ്മാതാക്കള്‍ പരസ്യമായി പ്രതികരിച്ചതില്‍ അഭിനേതാക്കളില്‍ ചിലര്‍ താരസംഘടനയെ അതൃപ്തി അറിയിച്ചിട്ടുണ്ട്.

പ്രതിഫലം കുറക്കുന്നത് സംബന്ധിച്ച് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനകളായ ഫെഫ്കയും മാക്ടയും നേരത്തെ തന്നെ അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ട് വലിയ എതിര്‍പ്പ് സാങ്കേതിക പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല. എന്നാല്‍ താരസംഘടന എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മമ്മൂട്ടിയും അമ്മയുടെ പ്രസിഡന്‍റ് കൂടിയായ മോഹന്‍ലാലും വ്യക്തിപരമായി എല്ലാവിധ സഹകരണങ്ങളും ഉറപ്പ് നല്‍കിയതിനാല്‍ താരസംഘടനയില്‍ നിന്ന് വലിയ എതിര്‍പ്പുണ്ടാകില്ലെന്നാണ് നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നത്. പ്രതിസന്ധി മറികടക്കാന്‍ സഹകരിക്കുമെന്ന നിലപാടാണ് അമ്മക്കും ഉള്ളത്.

പക്ഷേ പരസ്യമായി താരങ്ങള്‍ പ്രതിഫലം കുറക്കണമെന്ന് നിര്‍മ്മാതക്കള്‍ പറഞ്ഞതില്‍ അമ്മയിലെ ചില അംഗങ്ങള്‍ക്ക് അമര്‍ഷമുണ്ട്. വരും ദിവസങ്ങളില്‍ അമ്മ എക്സിക്യുട്ടീവ് യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യും. സംഘടനപരമായ ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന നിലപാടാണ് നിലവില്‍ സംഘടനകള്‍ സ്വീകരിച്ചിക്കുന്നത്. അഭിപ്രായഭിന്നതയുണ്ടായാല്‍ പുതിയസിനിമകളുമായി മുന്നോട്ട് പോകേണ്ട എന്നതാണ് നിര്‍മ്മാതാക്കളുടെ നിലപാട്.