Entertainment

നോവല്‍ അനുമതി ഇല്ലാതെ സിനിമയാക്കി; ബ്യാരിക്ക് പ്രദര്‍ശന വിലക്ക്

ദേശീയ ചലച്ചിത്രം പുരസ്‌കാരം നേടിയ സിനിമ ബ്യാരിക്ക് കോടതി വിലക്ക്. തന്റെ നോവല്‍ അനുമതി ഇല്ലാതെ സിനിമയാക്കിയെന്ന എഴുത്തുകാരി ഡോ. സാറ അബൂബക്കറിന്റെ ഹരജി പരിഗണിച്ചാണ് മംഗലൂരു ജില്ലാ സെഷന്‍സ് കോടതി സിനിമക്ക് പ്രദര്‍ശന വിലക്കേര്‍പ്പെടുത്തിയത്. സാറ അബൂബക്കറിന് നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു.

2011 ജൂണിലാണ് ബ്യാരി പ്രദര്‍ശനത്തിനെത്തിയത്. സിനിമക്ക് 2011 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചിരുന്നു. കെ.പി സുവീരന്‍ സംവിധാനം ചെയ്ത ചിത്രം ചന്ദ്രഗിരിയ തീരദല്ലി’ എന്ന തന്റെ കന്നടനോവല്‍ അനുമതിയില്ലാതെ സിനിമയാക്കിയതാണെന്നാരോപിച്ച് എഴുത്തുകാരി ഡോ. സാറാ അബൂബക്കര്‍ നല്‍കിയ ഹര്‍ജിയിലാണ് മംഗലൂരു ജില്ലാ സെഷന്‍സ് കോടതി സിനിമക്ക് പ്രദര്‍ശന വിലക്കേര്‍പ്പെടുത്തിയത്.

മലയാളിയായ സാറാ അബൂബക്കര്‍ 1984ലാണ് ചന്ദ്രഗിരിയെ തീരദല്ലി എന്ന നോവലെഴുതിയത്. ഇതിന്റെ ചില ഭാഗങ്ങളും കഥാതന്തുവും ആസ്പദമാക്കി തന്റെ അനുമതിയില്ലാതെയാണ് സിനിമ നിര്‍മിച്ചതെന്നായിരുന്നു പരാതി. ബൗദ്ധിക സ്വത്താവകാശ നിയമത്തിന്റെ ലംഘനമാണ് നിര്‍മ്മാതാവ് അല്‍ത്താഫ് ഹുസൈനും സംവിധായകന്‍ സുവീരനും നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു.

എട്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഹരജിക്കാരിക്ക് അനുകൂലമായ വിധിയുണ്ടായത്. സാറ അബൂബക്കറിന് രണ്ട് ലക്ഷം രൂപയും വിചാരണ കാലയളവായ എട്ട് വര്‍ഷത്തെ പലിശയും നഷ്ട പരിഹാരം നല്‍കാനും കോടതി വിധിച്ചു. കാസര്‍കോട് മംഗളൂരു അതിര്‍ത്തിയിലെ മുസ്‌ലിം സമുദായക്കാര്‍ സംസാരിക്കുന്ന ബ്യാരി ഭാഷയിലിറങ്ങിയ ആദ്യസിനിമയാണിത്. മല്ലിക കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ മാമുക്കോയയും പ്രധാന വേഷത്തിലെത്തിയിരുന്നു. ബ്യാരി വിഭാഗത്തിലെ പെണ്‍കുട്ടിയുടെ വിവാഹമോചനം പ്രമേയമാക്കിയാണ് സിനിമ.