Entertainment

ദീപിക പദുക്കോണ്‍ ഉള്‍പ്പടെ നാല് താരങ്ങള്‍ക്ക് നാര്‍ക്കോട്ടിക് ബ്യൂറോ സമന്‍സ്

മാനേജർ കരിഷ്മ പ്രകാശിനോടു ലഹരിമരുന്ന് ആവശ്യപ്പെട്ട് ദീപിക നടത്തിയ വാട്സാപ് ചാറ്റ് സംബന്ധിച്ചാണ് ചോദ്യം ചെയ്യലുണ്ടാവുക എന്നാണ് സൂചന.

മയക്കുമരുന്ന് കേസില്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ബോളിവുഡ് നടി ദീപിക പദുക്കോണ്‍ അടക്കം നാല് താരങ്ങള്‍ക്ക് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സമന്‍സ് അയച്ചു. മൂന്ന് ദിവസത്തിനുള്ളിൽ അന്വേഷണ ഏജന്‍സിക്ക് മുന്നിൽ ഹാജരാകണമെന്നാണ് ഏജന്‍സി നിര്‍ദേശം നല്‍കിയത്.

നടിമാരായ ദീപിക പദുക്കോൺ, സാറാ അലി ഖാൻ, രാകുൽ പ്രീത്, ശ്രദ്ധ കപൂർ എന്നിവർക്കാണ് എന്‍.സി.ബി സമന്‍സ് അയച്ചത്. ദീപിക പദുക്കോണിന്റെ മാനേജർ കരിഷ്മ പ്രകാശിനെയും ക്വാൻ എന്ന ടാലന്റ് മാനേജ്മെന്റ് കമ്പനിയുടെ മേധാവി ധ്രുവ് ചിത്ഗോപേക്കറെയും കേന്ദ്രീകരിച്ചാണ് എന്‍.സി.ബിയുടെ അന്വേഷണം പുരോഗമിക്കുന്നത്.

ദീപികയുടെ മാനേജർ കരിഷ്മയെയും സുശാന്ത് സിംഗ് രജ്പുതിന്റെ മാനേജർ ശ്രുതി മോദിയെയും സംഘം ചോദ്യം ചെയ്യും. മാനേജർ കരിഷ്മ പ്രകാശിനോടു ലഹരിമരുന്ന് ആവശ്യപ്പെട്ട് ദീപിക നടത്തിയ വാട്സാപ് ചാറ്റ് സംബന്ധിച്ചാണ് ചോദ്യം ചെയ്യലുണ്ടാവുക എന്നാണ് സൂചന.

നേരത്തെ നടി റിയ ചക്രബര്‍ത്തിയെ എൻ‌.സി.‌ബി അറസ്റ്റ് ചെയ്യുകയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡി ആവശ്യപ്പെടുകയും ചെയ്തിരുന്നു. റിയയുടെയും സഹോദരൻ ഷോയിക്കിന്റെയും ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി നാളെ പരിഗണിക്കും.