ബോബി സഞ്ജയ് തിരക്കഥയില്‍ മമ്മൂട്ടി ‘മുഖ്യമന്ത്രി’യാകുന്നു. ഉയരെക്ക് ശേഷം ബോബി-സഞ്ജയ് എന്നിവര്‍ തിരക്കഥയെഴുതുന്ന സിനിമയിലാണ് മമ്മൂട്ടി മുഖ്യമന്ത്രിയായെത്തുന്നത്. ‘വണ്‍’ എന്ന് പേരിട്ട സിനിമയുടെ തിരക്കഥാ ജോലികളിലേക്ക് കടക്കുകയാണെന്ന് തിരക്കഥാകൃത്തുക്കള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മമ്മൂട്ടി നായകനായ ‘ഉണ്ട’ മികച്ച പ്രതികരണവുമായി തിയേറ്ററുകളിലോടുന്ന സന്ദര്‍ഭത്തിലാണ് ആരാധകരെ ആവേശത്തിലാക്കിയുള്ള പുതിയ വാര്‍ത്തകള്‍ പുറത്തുവരുന്നത്. മമ്മൂട്ടിയുടെ തുടര്‍ച്ചയായ നാലാമത്തെ ഹിറ്റായിരുന്നു ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്ത് ഹര്‍ഷദ് തിരക്കഥയെഴുതിയ ‘ഉണ്ട’. നേരത്തെ തെലുഗില്‍ ഇറങ്ങിയ യാത്ര, തമിഴില്‍ പുറത്തിറങ്ങിയ പേരന്‍പ്, മലയാളത്തിലെ മധുരരാജ എന്നിവക്ക് വലിയ സ്വീകരണമായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചിരുന്നത്.
റിയലിസ്റ്റിക്ക് പരിസരങ്ങളില്‍ ഊന്നിയുള്ള ഉണ്ടയിലെ കഥാപരിസരം മമ്മൂട്ടിയുടെ വേറിട്ട പൊലീസ് വേഷമാണെന്നാണ് ഭൂരിപക്ഷ പ്രേക്ഷകരുടെയും അഭിപ്രായം. നിരൂപകരും വലിയ രീതിയിലാണ് ചിത്രത്തിനെ പുകഴ്ത്തുന്നത്. രമേഷ് പിഷാരടിയുടെ സംവിധാനത്തില്‍ വരുന്ന ഗാനഗന്ധര്‍വ്വന്‍, പി.പദ്മകുമാറിന്റെ മാമാങ്കം എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.