മഹാരാഷ്ട്ര സർക്കാരുമായുള്ള പോരില്‍ കങ്കണ റണൌട്ടിന് പിന്തുണയുമായി ബി.ജെ.പിയും ഘടക കക്ഷികളും. കേന്ദ്രമന്ത്രി രാംദാസ് അത്താവലെ കങ്കണയെ ബാന്ദ്ര വെസ്റ്റിലെ വസതിയില്‍ സന്ദര്‍ശിച്ചു. വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ട് ഹിമാചല്‍ വനിത കമ്മീഷന് ദേശീയ വനിത കമ്മീഷന് കത്തയച്ചു. ആ അധ്യായം കഴിഞ്ഞെന്നായിരുന്നു ശിവസേന എം.പി സഞ്ജയ് റാവത്തിന്‍റെ പ്രതികരണം.
കങ്കണ റണൌട്ടിന്‍റെ പാലി ഹില്‍സ് ഓഫീസിലെ അനധികൃത നിർമ്മാണം പൊളിക്കുന്നത് 22 വരെ ബോംബെ ഹൈക്കോടതി സ്റ്റേ ചെയ്തതിനാല്‍ ചർച്ചകള്‍ രാഷ്ട്രീയ വാഗ്വാദത്തിലേക്ക് മാറിയിരിക്കുകയാണ്. കങ്കണക്ക് പിന്തുണ അറിയിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ ബാന്ദ്ര വെസ്റ്റിലെ വസതിയില്‍ എത്തി.
ബില്‍ഡർ 3 ഇഞ്ച് അധിക നിർമ്മാണം നടത്തിയത് അറിയില്ലെന്നും ആ ഭാഗം പൊളിക്കുന്നതിന് പകരം മുഴുവന്‍ വീട്ടുപകരണങ്ങളും കെട്ടിടവും ബി.എം.സി നശിപ്പിച്ചു എന്നും കങ്കണ അറിയിച്ചതായി അത്താവലെ പറഞ്ഞു. കങ്കണക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് അത്താവലെ ആവശ്യപ്പെട്ടു. അധികാരത്തിനായി പ്രത്യയശാസ്ത്രത്തെ വിറ്റ ഉദ്ധവ് താക്കറെ സോണിയ സേനയായി എന്നും തന്‍റെ ശബ്ദം ഇല്ലാതാക്കാനാകില്ല എന്നുമായിരുന്നു കങ്കണയുടെ പ്രതികരണം. വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ട് ഹിമാചല്‍ വനിത കമ്മീഷന് ദേശീയ വനിത കമ്മീഷന് കത്തയച്ചു. കങ്കണയെ അധിക്ഷേപിച്ചവർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. എന്നാല്‍ ആ അധ്യായം കഴിഞ്ഞു എന്നും സാമൂഹിക – ജനക്ഷേമ -സർക്കാർ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നു എന്നുമാണ് ശിവസേന എം.പി സഞ്ജയ് റാവത്തിന്‍റെ പ്രതികരണം. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി മടങ്ങവെയായിരുന്നു പ്രതികരണം.