പൃഥ്വിരാജും ബിജു മേനോനും മത്സരിച്ച് അഭിനയിച്ച അയ്യപ്പനും കോശിയും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. ഫെബ്രുവരി 7ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോൾ ആഗോളതലത്തിൽ 30 കോടി കളക്ഷൻ പിന്നിട്ടിരിക്കുകയാണ്. റിലീസ് ചെയ്ത് 17 ദിവസങ്ങൾ കൊണ്ടാണ് ചിത്രം 30 കോടി ക്ലബിൽ ഇടം നേടിയിരിക്കുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ അഞ്ചാമത്തെ 30 കോടി ചിത്രമാണ് അയ്യപ്പനും കോശിയും. കേരളത്തിൽ നിന്ന് മാത്രം 20 കോടിയോളം ചിത്രം സ്വന്തമാക്കിയിട്ടുണ്ട്.
അട്ടപ്പാടിയിലെ ആനഗന്ദ എന്ന പോലീസ് സ്റ്റേഷനിലെ, റിട്ടയർ ചെയ്യാൻ രണ്ടു വർഷം മാത്രം ബാക്കിയുള്ള എസ്.ഐ. അയ്യപ്പനും, പതിനേഴ് വർഷം പട്ടാളത്തിൽ ഹവിൽദാർ ആയി ജോലി ചെയ്ത കോശിയും തമ്മിലുള്ള ഒരു നിയമപ്രശ്നവും ഈഗോ ക്ലാഷുമാണ് ചിത്രത്തിന്റെ പ്രമേയം. അനാര്‍ക്കലിക്ക് ശേഷം ബിജുവും പൃഥ്വിയും കട്ടക്ക് അഭിനയിച്ചിരിക്കുകയാണ്.
സച്ചിയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. സംവിധായകന്‍ രഞ്ജിത്, പി.എം ശശിധരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പൃഥ്വിയുടെ പിതാവായും രഞ്ജിത് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. അനില്‍ നെടുമങ്ങാട്, ഗൌരി നന്ദ, അന്ന രാജന്‍,അലന്‍സിയര്‍. ജോണി ആന്റണി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.