ശബരിമല വിഷയത്തിലെ പ്രിയനന്ദന്റെ അഭിപ്രായ പ്രകടനത്തെ വിടാതെ വേട്ടയാടി സംഘപരിവാര്‍. ഡല്‍ഹിയില്‍ പ്രിയനന്ദന്‍ പങ്കെടുത്ത പരിപാടിയാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തിയത്. ഡല്‍ഹിയിലെ കേരളാ ക്ലബ്ബിലെ സാഹിതീസഖ്യത്തില്‍ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു പ്രിയനന്ദനനുമായുള്ള സംവാദ പരിപാടി സംഘടിപ്പിച്ചിരുന്നത്. ‘സൈലന്‍സര്‍’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ എത്തിയതായിരുന്നു സംവിധായകന്‍. പ്രിയനന്ദനന്‍ പരിപാടിയില്‍ പങ്കെടുക്കുന്നു എന്നറിഞ്ഞെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വേദിക്ക് പുറത്ത് തടിച്ചു കൂടുകയും നാമജപവും അധിക്ഷേപ മുദ്രാവാക്യങ്ങളും മുഴക്കുകയായിരുന്നു. എതിരഭിപ്രായങ്ങളെയും പരിപാടിയില്‍ ഉള്‍പ്പെടുത്താമെന്ന സംഘാടകരുടെ ആവശ്യം പരിഗണിക്കാതിരുന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സംവിധായകനെതിരെ കൊലവിളിയും ഭീഷണിയും തുടരുകയായിരുന്നു. പ്രിയനന്ദനനെ ഡല്‍ഹിയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയ പ്രതിഷേധക്കാര്‍ ഫിലിം ഡിവിഷനില്‍ നടക്കാനിരിക്കുന്ന സിനിമാ പ്രദര്‍ശനവും സംവാദവും അലങ്കോലപ്പെടുത്തുമെന്നും വെല്ലുവിളിച്ചു.
നേരത്തെ ശബരിമല വിഷയത്തില്‍ പ്രിയനന്ദന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. ഹിന്ദു മതവിശ്വാസികളുടെ വികാരം വൃണപ്പെടുത്തി എന്നാരോപിച്ച സംഘപരിവാര പ്രവര്‍ത്തകര്‍ തൃശൂരിലെ പ്രിയനന്ദനന്റെ വീടിന് സമീപത്തു വച്ചും സംവിധായകനെ ആക്രമിക്കുകയും ചാണകം തളിക്കുകയും ചെയ്തിരുന്നു. പ്രിയനന്ദന്‍ പിന്നീട് ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു.