Entertainment

അതിശയിപ്പിക്കുന്ന തിരക്കഥ; മുസ്തഫയുടെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നു’- ‘കപ്പേള’ക്ക് അഭിനന്ദനവുമായി അനുരാഗ് കശ്യപ്

മാര്‍ച്ച് 6നാണ് കപ്പേള റിലീസ് ചെയ്യുന്നത്. തിയറ്ററില്‍ മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് കോവിഡ് പ്രതിസന്ധി പിടിമുറുക്കുന്നത്

മലയാള സിനിമാ ലോകം ഈയിടെ ചര്‍ച്ച ചെയ്ത സിനിമകളൊന്നായിരുന്നു നടന്‍ മുസ്തഫയുടെ ആദ്യ സംവിധാന സംരംഭമായ കപ്പേള. അന്ന ബെന്‍, റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായ ചിത്രത്തെക്കുറിച്ച് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോള് ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്. ‘മികച്ച സിനിമ, അമ്പരപ്പിക്കുന്ന തിരക്കഥ; മുഹമ്മദ് മുസ്തഫയുടെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നു’- അനുരാഗ് കശ്യപ് ട്വിറ്ററില്‍ കുറിച്ചു.

മാര്‍ച്ച് 6നാണ് കപ്പേള റിലീസ് ചെയ്യുന്നത്. തിയറ്ററില്‍ മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് കോവിഡ് പ്രതിസന്ധി പിടിമുറുക്കുന്നത്. പിന്നീട് തിയറ്ററുകള്‍ അടക്കുകയും ചെയ്തു. ഈയിടെ ചിത്രം നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്തിരുന്നു.

കോഴിക്കോടുള്ള ഒരു മലയോര ഗ്രാമത്തിലുള്ള ജെസി എന്ന പെണ്‍കുട്ടി ഫോണിലൂടെ വിഷ്ണു എന്ന യുവാവുമായി പ്രണയത്തിലാകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് കപ്പേളയിലൂടെ പറയുന്നത്.