Entertainment

സംവിധാനം പഠിക്കാന്‍ അനുപമ പരമേശ്വരന്‍; ആശംസകളറിയിച്ച് ദുല്‍ഖര്‍ സല്‍മാന്‍

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് അനുപമ പരമേശ്വരന്‍. ആദ്യ ചിത്രത്തിന് ശേഷം തെലുങ്കിലേക്ക് കൂടുമാറിയ നടി ഇപ്പോള്‍ അവിടെ സൂപ്പര്‍ നായികയാണ്. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാതാവുന്ന പുതിയ ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയിലേക്ക് എത്തിയിരിക്കുകയാണ് അനുപമ. പക്ഷേ ഇത്തവണത്തെ വരവ് നായിക വേഷത്തിലല്ല. സഹ സംവിധായികയുടെ കുപ്പായമണിഞ്ഞാണ് തെന്നിന്ത്യന്‍ നായിക സിനിമയിലേക്ക് എത്തിയത്. നായിക തന്നെയാണ് ഇക്കാര്യം തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചത്.

‘പുതിയൊരു തുടക്കമാണിത്. ദുല്‍ഖറിന്‍റെ പുതിയ നിര്‍മാണ സംരംഭമായ ചിത്രത്തില്‍‌ ഷംസുവിന്‍റെ സംവിധാന സഹായിയായി. ഇതിലും വലിയ ആവേശവും സന്തോഷവും വേറെയില്ല. ഇത്രയും വലിയ ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് വലിയ അനുഗ്രഹമാണ്. എല്ലാവരുടെയും അനുഗ്രഹങ്ങളും പ്രാര്‍ത്ഥനകളും ഉണ്ടാകണം.’ സംവിധായകന്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കുന്ന ചിത്രം പങ്കുവെച്ച് താരം പറഞ്ഞു.

താരം പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ അനുപമയെ അഭിനന്ദിച്ച് സൂപ്പര്‍താരം ദുല്‍ഖര്‍ സല്‍മാനുമെത്തി. ‘എനിക്കിത് വിശ്വസിക്കാനാകുന്നില്ല. ശരിക്കും അസിസ്റ്റന്‍റ് ആയോ? നേട്ടങ്ങളുടെ പട്ടികയില്‍ ഒരു പൊന്‍തൂവല്‍ കൂടി.’ താരം മറുപടിയായി കുറച്ചു. ദുല്‍ഖറിന്റെ കൂടെ ആശംസകളുമായി ആരാധകരും രംഗത്ത് എത്തിയിരിക്കുന്നു.

അശോകന്‍റെ ആദ്യരാത്രി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഗ്രിഗറിയാണ് നായകന്‍. നവാഗതനായ ഷംസുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ അനുപമ അഭിനയിക്കുകയും ചെയ്യുന്നു. നിഖില വിമല്‍, അനു സിത്താര എന്നിവരാണ് മറ്റ് നായികമാര്‍.