Entertainment

എന്‍റെ ആദ്യത്തെ പേര് ഈങ്ക്വിലാബ്, അതിന് പിന്നില്‍ ഒരു കഥയുണ്ട്; അമിതാഭ് ബച്ചന്‍ പറയുന്നു

ബോളിവുഡിന്‍റെ ബിഗ് ബി അമിതാഭ് ബച്ചന്‍റെ ആരും അറിയാത്തൊരു പേരുണ്ട്. ഈങ്ക്വിലാബ് ശ്രീവാസ്തവ. അമ്മയുടെ ദേശഭക്തി കാരണം ജനിക്കുംമുമ്പേ തനിക്ക് ലഭിച്ച പേരിന്‍റെ രസകരമായ ചരിത്രം വിവരിക്കുകയാണ് ബിഗ് ബി.

‘ക്വിറ്റ് ഇന്ത്യ പ്രക്ഷോഭം നടന്ന 1942ലായിരുന്നു ഞാന്‍ ജനിച്ചത്. പ്രക്ഷോഭങ്ങള്‍ കൊഴുക്കുന്നതിനിടെ എട്ട് മാസം ഗര്‍ഭിണിയായ അമ്മ തേജി ബച്ചന്‍ ഒരുപാട് റാലികളില്‍ പങ്കെടുത്തു. പക്ഷെ, അത് ആരും അറിഞ്ഞിരുന്നില്ല. ഒരു ദിവസം ഗര്‍ഭിണിയായ അമ്മയെ കാണാനില്ലെന്ന് അറിഞ്ഞ വീട്ടുകാര്‍ തിരച്ചിലിനൊടുവില്‍ ഒരു റാലിക്കിടെ അമ്മയെ കണ്ടെത്തുകയും വീട്ടിലേക്ക് കൊണ്ടുവരികയും ചെയ്തു. അച്ഛനൊപ്പമുണ്ടായിരുന്ന സുഹൃത്ത് അമ്മയുടെ ദേശഭക്തിയെ കളിയാക്കി ജനിക്കാന്‍ പോകുന്ന കുഞ്ഞിന് ഈങ്ക്വിലാബ് എന്ന് പേരിട്ടോളൂ എന്ന് കളിയാക്കി.

ഞാന്‍ ജനിച്ചപ്പോള്‍ സുഹൃത്ത് പറഞ്ഞത് പോലെ എനിക്ക് ഈങ്ക്വിലാബ് ശ്രീവാസ്തവ എന്ന് പേരിട്ടു. എന്നാല്‍ അച്ഛന്‍റെ സുഹൃത്തും കവിയുമായ സുമിത്ര നന്ദന്‍ പന്താണ് കെടാത്ത നാളം എന്ന അര്‍ത്ഥമുള്ള അമിതാഭ് എന്ന പേര് തനിക്ക് നല്‍കിയത്. ശേഷം അച്ഛന്‍റെ തൂലികാനാമമായ ബച്ചനും ചേര്‍ത്താണ് അമിതാബ് എന്ന് പേര് വന്നത്.’ അമിതാഭ് പറഞ്ഞു.