അമീഷ് ത്രിപാഠിയുടെ ശിവ നോവൽ പരമ്പര വെബ് സീരീസാവുന്നു. മെലൂഹയിലെ ചിരഞ്ജീവികൾ, നാഗന്മാരുടെ രഹസ്യം, വായുപുത്രന്മാരുടെ ശപഥം എന്നീ നോവലുകളാണ് വെബ് സീരീസാക്കുന്നത്. ഇതിൽ ആദ്യ നോവലായ മെലൂഹയിലെ ചിരഞ്ജീവികൾ ശേഖർ കപൂർ സംവിധാനം ചെയ്യും. മിസ്റ്റർ ഇന്ത്യ, ബാൻഡിറ്റ് ക്വീൻ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തയാളാണ് ശേഖർ കപൂർ. ഇൻ്റർനാഷണൽ ആർട്ട് മെഷീനാണ് പരമ്പര നിർമിക്കുക.
മെലൂഹയിലെ ചിരഞ്ജീവികൾ ‘ശിവ’ എന്ന പേരിലാവും പുറത്തിറങ്ങുക. ശേഖറിനൊപ്പം ഫാമിലി മാൻ 2വിൽ ഡയലോഗുകൾ എഴുതിയ സുപൺ എസ് വർമയും സംവിധാനത്തിൽ പങ്കാളിയാവും.
മെലൂഹ എന്ന സ്ഥലത്ത് 1900 ബിസിയിൽ നടക്കുന്ന കഥയാണ് മെലൂഹയിലെ ചിരഞ്ജീവികൾ. ടിബറ്റിൽ നിന്ന് എത്തിയ ശിവ എന്ന കുടിയേറ്റക്കാരനെ മെലൂഹക്കാർ രക്ഷകനായി കാണുന്നു. ശിവ അവരെ ചന്ദ്രവംശികൾക്കെതിരായ യുദ്ധത്തിൽ സഹായിക്കുന്നു. ഏറെ പ്രശംസ പിടിച്ചുപറ്റിയ പുസ്തകമാണ് ഇത്. അസാധാരണമായ പാത്ര സൃഷ്ടിപ്പും മിത്തിൽ നിന്ന് കൃത്യമായി അഡാപ്റ്റ് ചെയ്തുണ്ടാക്കിയിരിക്കുന്ന ലോകവും അതിലും ഗംഭീരമായ വിവരണങ്ങളുമൊക്കെച്ചേർക്ക് നോവൽ ഒരു സിനിമാറ്റിക് അനുഭവമാണ്.