Entertainment

‘ഒരു ചെറു കിളിയുടെ’; അമ്പിളിയിലെ പുതിയ ലിറിക്കല്‍ ഗാനം, ചിത്രം നാളെ തിയേറ്ററുകളിലേക്ക്

ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അമ്പിളിയിലെ പുതിയ ലിറിക്കല്‍ ഗാനം പുറത്തിറങ്ങി. ബെന്നി ദയാല്‍ ആലപിച്ച ഒരു ചെറു കിളിയുടെ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. സൗബിന്‍ ഷാഹിര്‍ അമ്പിളിയായി വേഷമിടുന്ന ചിത്രത്തില്‍ പുതുമുഖമായ തന്‍വി റാം ആണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൈക്കിളിങ്ങിനും യാത്രകള്‍ക്കും പ്രധാന്യമുള്ള ചിത്രത്തില്‍ നാഷണല്‍ സൈക്കിളിങ്ങ് ചാമ്പ്യനായ ബോബി കുര്യന്‍ എന്ന കഥാപാത്രമായി നസ്രിയയുടെ സഹോദരന്‍ നവീന്‍ നസീം ആദ്യമായി ക്യാമറക്ക് മുമ്പിലെത്തുന്നു.

ഗപ്പി ഉള്‍പ്പെടെ മലയാള സിനിമയിലെ പുതുനിര ചിത്രങ്ങള്‍ ഒരുക്കിയ ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍.മേത്ത, എ.വി. അനൂപ്, സി.വി.സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ദേശീയ ശ്രദ്ധയാകര്‍ഷിച്ച പരസ്യചിത്രങ്ങളൊരുക്കിയ ശരണ്‍ വേലായുധനാണ് അമ്പിളിയുടെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. ഗപ്പിയിലെ ഗാനങ്ങളൊരുക്കിയ വിഷ്ണു വിജയ് ആണ് അമ്പിളിയുടെയും സംഗീത സംവിധായകന്‍. ഗപ്പിയിലെ ഗാനങ്ങള്‍ക്ക് വരികളൊരുക്കിയ വിനായക് ശശികുമാറിന്റേതാണ് വരികള്‍. തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയുടെ എഡിറ്റിങ് നിര്‍വ്വഹിച്ച കിരണ്‍ ദാസാണ് അമ്പിളിയുടെയും എഡിറ്റിങ് നിര്‍വ്വഹിക്കുന്നത്. വിനേഷ് ബംഗ്ലാന്‍ കലാസംവിധാനവും മഷാര്‍ ഹംസ കോസ്റ്റ്യൂം ഡിസൈനിംഗും, ആര്‍ ജി വയനാടന്‍ മേക്കപ്പും നിര്‍വഹിക്കുന്നു. പ്രേംലാല്‍ കെ.കെ ആണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍. സൂരജ് ഫിലിപ്പ് ആണ് ലൈന്‍ പ്രൊഡ്യൂസര്‍. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

സൗബിന്‍ ഷാഹിര്‍, നവീന്‍ നസീം എന്നിവര്‍ക്ക് പുറമെ ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സൂരജ്, ബീഗം റാബിയ, പ്രേമന്‍ ഇരിഞ്ഞാലക്കുട, മുഹമ്മദ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. യാത്രക്ക് വലിയ പ്രാധാന്യമുള്ള ചിത്രം കേരളം കൂടാതെ തമിഴ്നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലാണ് ചിത്രീകരിച്ചിട്ടുള്ളത്. പി.ആര്‍.ഒ- എ.എസ് ദിനേഷ്, ആതിര ദില്‍ജിത്ത്. അമ്പിളി നാളെ തിയേറ്ററുകളിലെത്തും.